ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ
തിരൂര്‍: മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ താനൂര്‍ അഞ്ചുടി കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖി (35) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനക്കുശേഷം വൈകിട്ട് അഞ്ചോടെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഡി.വൈ.എഫ്.ഐ തീരദേശ മേഖലാ സെക്രട്ടറിയായിരുന്ന കെ.പി ഷംസുവിന്റെ സഹോദരങ്ങളായ കുപ്പന്റെ പുരക്കല്‍ മുഈസ് (25), താഹമോന്‍ (22), ഇവരുടെ സുഹൃത്ത് വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ് (24) എന്നിവരെയാണ് റിമാന്‍ഡിലാക്കിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായവരെന്നും മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്നും താനൂര്‍ സി.ഐ ജെസ്റ്റിന്‍ ജോണ്‍ പറഞ്ഞു. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും പൊലിസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സി.ഐ പറഞ്ഞു. തിരിച്ചറിഞ്ഞ പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്.
വ്യാഴാഴ്ച രാത്രി എട്ടോടെ വീട്ടില്‍നിന്നും ഇശാ നിസ്‌കാരത്തിനായി ഇറങ്ങിയ ഇസ്ഹാഖിനെ വീടിനടുത്തുവച്ചാണ് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.
നേരത്തെ തയാറാക്കിയ ആസൂത്രണ പ്രകാരം ഇസ്ഹാഖിന്റെ അനക്കങ്ങള്‍ നിരീക്ഷിക്കാന്‍ വിവിധഭാഗങ്ങളില്‍ പ്രതികള്‍ തമ്പടിച്ചിരുന്നു. വീടിനു എതിര്‍വശത്തെ അടച്ചിട്ട കടക്കുമുന്നില്‍ പ്രതികളില്‍ ചിലര്‍ ഇരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കടയുടെ വൈദ്യുതി ഫ്യൂസ് നേരത്തെ ഊരിമാറ്റിയിരുന്നു. അക്രമിസംഘം ബലപ്രയോഗത്തിലൂടെ ഇസ്ഹാഖിനെ തള്ളിയിട്ടശേഷം നിലത്തുകിടത്തി അനങ്ങാനാകാത്ത വിധം പിടിച്ചാണ് വെട്ടിയത്. കൈകാലുകളും ശരീര ഭാഗങ്ങളും വെട്ടേറ്റ് ചിതറിയിരുന്നു.
നിലവിളി കേട്ട് സഹോദരന്‍ നൗഫല്‍ എത്തിയതോടെ അക്രമിസംഘം പള്ളിക്കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. അല്‍പസമയത്തിനകം ഇവരില്‍ ചിലര്‍ കടപ്പുറത്ത് സംഗമിച്ചശേഷം മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നെന്നും പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നും പൊലിസിന് വിവരം ലഭിച്ചു.
സംഭവത്തിന്റെ മുന്‍ദിവസങ്ങളിലും പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികളുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും. കേസില്‍ നിര്‍ണായകമായ സാക്ഷി മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."