ജില്ലാ ആശുപത്രി പ്രഖ്യാപനം അടിസ്ഥാനരഹിതം: സംരക്ഷണ സമിതി
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ. ആശുപത്രി ജില്ലാ ആശുപത്രി ആയി ഉയര്‍ത്തിയെന്ന പ്രഖ്യാപനം അടിസ്ഥാന രഹിതമാണെന്ന് ആരോപണം. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രി സംരക്ഷണ സമിതി വിവരാവകാശ നിയമ പ്രകാരം നേടിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
താലൂക്ക് ഗവ. ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ 2014 ജൂണ്‍ 20ന് ആരോഗ്യ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേണും, ഒഴിവുകളും അറിയിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് വിധേയമായാണ് അന്തിമമായ തീരുമാനമുണ്ടാകുകയെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. എന്നാല്‍ ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതായി പ്രഖ്യാപനമുണ്ടായിരുന്നു. ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. പക്ഷെ, ഇനിയും നടപ്പിലാകാത്ത തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന തിരിച്ചറിവ് താലൂക്ക് ഗവ. ആശുപത്രി യുടെ വികസന സ്വപ്നങ്ങളെ തളര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."