മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു
വൈപ്പിന്‍: മുനമ്പം അഴിമുഖത്തിന് പടിഞ്ഞാറ് മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ബോട്ടിന്റെ സ്രാങ്ക് ആലപ്പുഴ വാടക്കല്‍ പുന്ത്രശ്ശേരി ജോസി (55) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലുപേരെ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ചരക്ക് മുനമ്പം അഴിമുഖത്തിനു 500 മീറ്റര്‍ പടിഞ്ഞാറാണ് അപകടമുണ്ടായത്.
അഴീക്കോടുനിന്ന് മത്സ്യബന്ധനത്തിനുപോയ സീ കിങ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അഴീക്കോട് സ്വദേശി കബീറിന്റേതാണ് ബോട്ട്. അപകടസമയം പിന്നാലെയുണ്ടായിരുന്ന കുളച്ചല്‍ സ്വദേശിയുടെ അനന്യദാസ് എന്ന ബോട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തി നാലുപേരെ രക്ഷിച്ചത്. വെള്ളത്തില്‍ വീണ് കാണാതായ ജോസിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ അനന്യദാസ് എന്ന ബോട്ടിന്റെ സ്രാങ്ക് അരുള്‍ ആണ് മൃതദേഹം കണ്ടെത്തിയതും തുടര്‍ന്ന് കരക്കെത്തിച്ചതും. മരിച്ച ജോസിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജോസിയുടെ ഭാര്യ: പെണ്ണമ്മ. മക്കള്‍: ബെന്‍, ബെന്‍സില്‍. അഞ്ചുമാസത്തിനിടയില്‍ ആറോളം അപകടങ്ങളാണ് അഴിമുഖത്തുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."