കോന്നിയിലെ പരാജയം: തന്റെ സ്ഥാനാര്‍ഥിക്ക് എന്തായിരുന്നു അയോഗ്യതയെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: കോന്നിയില്‍ യു.ഡി.എഫ് പരാജയപ്പെടാനുള്ള പ്രധാന കാരണം പത്തനംതിട്ട ഡി.സി.സി നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് അടൂര്‍ പ്രകാശ് എം.പി.
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളി. റോബിന്‍ പീറ്ററിനേക്കാള്‍ മോഹന്‍രാജിന് എന്ത് അധിക യോഗ്യതയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നിയില്‍ എല്‍.ഡി.എഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം അന്വേഷിക്കണം. എവിടെ തെറ്റുപറ്റി എന്ന് കണ്ടെത്തണം. ഡി.സി.സിയ്ക്ക് പല വീഴ്ചകളും സംഭവിച്ചു. അവസരം തന്നാല്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയും.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ കെ.പി.സി.സി നടപടി സ്വീകരിക്കണം. ജില്ല പൂര്‍ണമായി എല്‍.ഡി.എഫിന് നല്‍കിയതിനെ പറ്റി പരിശോധിക്കണം. ഡി.സി.സി അഴിച്ചു പണിയണോ എന്ന് നേതൃത്വം ആലോചിക്കണം.
പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് ആറ്റിങ്ങലില്‍ മത്സരത്തിനിറങ്ങിയത്. 28 വര്‍ഷം ഇടതുമുന്നണി കുത്തകയാക്കിവച്ചിരുന്ന ആറ്റിങ്ങലില്‍ തനിക്ക് ജയിക്കാനായി. തുടര്‍ന്ന് കോന്നിയില്‍ പകരം ആരെന്ന് പാര്‍ട്ടി ചോദിച്ചപ്പോഴാണ് റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്.
ജാതിയും മതവും മറ്റൊന്നും നോക്കാതെ വിജയസാധ്യത മാത്രം നോക്കിയായിരുന്നു ഇത്. എന്നാല്‍ പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ പൂര്‍ണമായും ഒപ്പം നിന്നു.
കോന്നി ഒരു എല്‍.ഡി.എഫ് മണ്ഡലമായിരുന്നു. താന്‍ ജനങ്ങള്‍ക്കൊപ്പം നിന്നതു കൊണ്ട് അവര്‍ തന്നെ വിജയിപ്പിച്ചതാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അടൂര്‍ പ്രകാശ് ഒളിച്ചോടിയെന്ന ഗോസിപ്പുകള്‍ ശരിയല്ല. പാര്‍ട്ടി പറഞ്ഞ എല്ലാ കര്‍ത്തവ്യങ്ങളും കഴിയുംപോലെ നിര്‍വഹിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."