തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്: ഈഴവ പ്രതിനിധിയെ പരിഗണിക്കാന്‍ സി.പി.എം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നായര്‍ സമുദായക്കാരനെ ഒഴിവാക്കി ഈഴവ പ്രതിനിധിയെ പരിഗണിയ്ക്കാന്‍ സി.പി.എം. നിലവിലെ പ്രസിഡന്റ് എ.പത്മകുമാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് സി.പി.എം ആലോചന.
സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍ എന്‍.എസ്.എസ് അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും എന്‍.എസ്.എസ് സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതും കണക്കിലെടുത്താണ് ഈഴവ പ്രതിനിധി മതി എന്ന ചര്‍ച്ചയിലേയ്ക്ക് സി.പി.എമ്മിനെ എത്തിച്ചത്.
ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും അംഗം കെ.പി ശങ്കരദാസിന്റെയും രണ്ട് വര്‍ഷത്തെ ഔദ്യോഗിക കാലാവധി നവംബര്‍ 14 ന് അവസാനിക്കും.
നവംബര്‍ 17 ന് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പുതിയ നിയമനങ്ങള്‍ നടത്തണം. പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും മെമ്പര്‍ സ്ഥാനം സി.പി.ഐക്കുമെന്നതാണ് ഇടതുമുന്നണിയിലെ ധാരണ. നിലവിലെ പ്രസിഡന്റിനും അംഗത്തിനും കാലാവധി നീട്ടിനല്‍കാന്‍ നിയമ തടസമുണ്ട്.
കാലാവധി കഴിഞ്ഞ ശേഷം വീണ്ടും നിയമിക്കണമെങ്കിലും നിയമഭേദഗതി വേണ്ടിവരും. മലബാര്‍ ദേവസ്വം നിയമത്തില്‍ ഇങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ പത്മകുമാറിന് വീണ്ടും അവസരം നല്‍കാന്‍ സി.പി.എം തയാറായേക്കില്ല.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ വിവാദങ്ങളില്‍ പത്മകുമാറിനതിരെ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ശങ്കരദാസിന്റെ കാര്യത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."