സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ ജീവനക്കാരുടെ പുനര്‍വിന്യാസം, നിയമനം, സ്ഥാനക്കയറ്റം എന്നിവയ്ക്കായി വ്യവസ്ഥകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നതിനുമായാണ് സാമൂഹ്യനീതി വകുപ്പിനെ വിഭജിച്ച് പ്രത്യേകമായി വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ജീവനക്കാരുടെ പുനര്‍നിര്‍ണയം വിവിധ സര്‍വിസ് സംഘടനകളുമായി ചര്‍ച്ച ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വനിത ശിശുവികസന വകുപ്പില്‍ ഇനിമുതല്‍ ഡെവലപ്പ്‌മെന്റ് വിഭാഗത്തിന് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഉണ്ടായിരിക്കും. ഐ.സി.ഡി.എസാണ് പ്രധാന വികസന പദ്ധതികള്‍ നടപ്പിലാക്കി വന്നത്. വനിതകള്‍ക്ക് വേണ്ടി 5 ആക്ടും ശിശുക്കള്‍ക്ക് വേണ്ടി 2 ആക്ടും എന്‍ഫോഴ്‌സ്‌മെന്റുമാണുള്ളത്. വകുപ്പിനെ സംബന്ധിച്ചുള്ള ഈ ആക്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാരായിരിക്കും കൈകാര്യം ചെയ്യുക. മാത്രമല്ല ജില്ലാതല ഉദ്യോഗസ്ഥരുടെ ഒരു കുടക്കീഴിലേക്ക് വകുപ്പിനെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
ഇരുവകുപ്പുകളിലും പൊതുവായുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ താല്‍പര്യമുള്ള വകുപ്പ് തെരഞ്ഞെടുക്കുന്നതിനായി ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നതു മുതല്‍ ഇരു വകുപ്പുകളുടെയും ജീവനക്കാരും പ്രത്യേക എസ്റ്റാബ്ലിഷെന്റ് വിഭാഗങ്ങളുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
ഓരോ വകുപ്പിലെ ഡയറക്ടറും, ഈ വകുപ്പിന് കീഴില്‍ വരുന്ന മറ്റു ജീവനക്കാരും വിവിധ ഓഫിസുകള്‍, ഹോമുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളും ആ വകുപ്പിന്റെ അധികാര പരിധിയില്‍ വരും. സാമൂഹ്യനീതി വകുപ്പില്‍ നിലവില്‍ 535 തസ്തികകളും വനിത ശിശുവികസന വകുപ്പില്‍ 24 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുള്‍പ്പെടെ 3,284 തസ്തികകളുമാണുള്ളത്. അംഗീകരിക്കപ്പെട്ട കേഡര്‍ സ്‌ട്രെങ്തിന്റെ അടിസ്ഥാനത്തില്‍ അതത് വകുപ്പില്‍ ഉള്‍പ്പെടുന്ന തസ്തികകളുടെ നിയമനം, പെന്‍ഷന്‍, സാങ്ഷനിങ് സംബന്ധിച്ച വിഷയങ്ങള്‍ അതത് ഡയറക്ടര്‍മാരുടെ ചുമതലയായിരിക്കും.
പുനര്‍ വിന്യാസവുമായി ബന്ധപ്പെട്ട് ഇരുവകുപ്പിലേയും ഓപ്ഷന്‍ നല്‍കേണ്ട പൊതു തസ്തികകളിലെ ജീവനക്കാര്‍ മേലധികാരി മുഖാന്തരം അതത് വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം.
ഈ ഓപ്ഷനുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ കണ്‍വീനറും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, ഇരുവകുപ്പിലേയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ലോ ഓഫീസര്‍, എസ്റ്റാബ്ലിഷ്‌മെന്റ് സീനിയര്‍ സൂപ്രണ്ട്, രണ്ട് സീനിയര്‍ ക്ലാര്‍ക്കുമാര്‍ എന്നിവര്‍ സ്‌പെഷ്യല്‍ സെല്ലിലെ അംഗങ്ങളുമായിരിക്കും.
അര്‍ഹരായ ജീവനക്കാര്‍ അപേക്ഷകള്‍ മേലധികാരിയുടെ ശുപാര്‍ശയോടെ ഉത്തരവ് തീയതി മുതല്‍ 30 ദിവസത്തിനകം സ്പഷ്യല്‍ സെല്‍ കണ്‍വീനര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്‌പെഷ്യല്‍ സെല്ലില്‍ ഓപ്ഷനുകള്‍ സ്വീകരിച്ച് 30 ദിവസത്തിനകം അന്തിമ ലിസ്റ്റ് തയാറാക്കി അതത് വകുപ്പുകളിലെ ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച നടപടിക്രമം ഡയറക്ടര്‍മാര്‍ പുറപ്പെടുവിക്കും. പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."