ആര്‍.സി.ഇ.പി കരാര്‍ പുനഃപരിശോധിക്കണം: സി.പി.എം
തിരുവനന്തപുരം: ആര്‍.സി.ഇ.പി കരാര്‍ രാജ്യതാല്‍പര്യത്തിനും ജനതാല്‍പര്യത്തിനും എതിരാണെന്നും ഈ കരാര്‍ പുനഃപരിശോധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആര്‍.സി.ഇ.പി പത്തംഗ ആസിയാന്‍ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവ ഉള്‍പ്പെടുന്ന സഖ്യമാണ്. 2020ല്‍ ആര്‍.സി.ഇ.പി ഒപ്പിടാനാണ് നീക്കം നടക്കുന്നത്.
ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, സര്‍ക്കാര്‍തല സംഭരണം, ബൗദ്ധികസ്വത്തവകാശം എന്നീ രംഗങ്ങളുള്‍പ്പെടുന്ന വലിയ സ്വതന്ത്ര വ്യാപാര മേഖലയായിരിക്കും ആര്‍.സി.ഇ.പി.
ഇത് ആഗോള ജി.ഡി.പിയുടെ 39 ശതമാനം വരുന്നതും ആഗോള വ്യാപാരത്തിന്റെ 30 ശതമാനം നടക്കുന്നതും, ആഗോള വിദേശ നിക്ഷേപത്തിന്റെ 26 ശതമാനം ഉള്ളതും ലോകത്തെ ജനങ്ങളില്‍ 45 ശതമാനവും വരുന്ന മേഖലയായിരിക്കും.കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടുകയോ, രാജ്യത്തെ വിവിധ രംഗങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല.
ആസിയാന്‍ രാജ്യങ്ങളിലെ പ്രധാന ഉല്‍പന്നങ്ങളായ സ്വാഭാവിക റബ്ബര്‍, ഏലം, ഇഞ്ചി, കശുവണ്ടി, നാളികേരം, കൊപ്ര, വെളിച്ചെണ്ണ, മത്സ്യങ്ങള്‍ തുടങ്ങിയവ എക്‌സ്‌ക്യൂഷന്‍ ലിസ്റ്റെന്ന സംരക്ഷിത പട്ടികയിലാണുള്ളത്. കേരളം ഏതെല്ലാം മേഖലകളിലാണോ മേല്‍ക്കൈ നേടിയിട്ടുള്ളത് അതെല്ലാം തകരുന്ന തരത്തില്‍ ആഭ്യന്തര വിപണിയിലേക്ക് ആസിയാന്‍ രാജ്യങ്ങളില്‍നിന്നും ഉല്‍പന്നങ്ങള്‍ എത്തും. ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്കുണ്ടായിരുന്ന സുരക്ഷ സ്വതന്ത്രവ്യാപാരം ഇല്ലാതാക്കും.
ഇതു കേരളത്തിലെ കാര്‍ഷികോല്‍പന്നങ്ങളുടെ ഭാവി ഇരുണ്ടതാക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."