കഥപറയുന്ന ടെലിവിഷന്‍
മുനവ്വര്‍ ആക്കോട്#
ഒരു സ്ഥലത്തെ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും വൈദ്യുതസിഗ്നലുകളാക്കി മാറ്റി മറ്റൊരിടത്തേക്ക് പ്രേക്ഷണം ചെയ്ത് അവിടെ അവയെ വീണ്ടും ദൃശ്യശ്രാവ്യ സിഗ്നലുകളാക്കി പുനരാവിഷ്‌കരിക്കുന്ന സംവിധാനമാണ് ടെലിവിഷന്‍.
ടെലിവിഷന്‍ എന്ന പേര് വരുന്നത് 1900 ലാണ്. പാരിസില്‍ നടന്ന ഇന്റര്‍നാഷനല്‍ വേള്‍ഡ് ഫെയറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ കേലണ്‍സ്റ്റാന്റിന്‍ പെര്‍ക്‌സി എന്നയാളാണ് ഈ നാമം ആദ്യമായി ഉപയോഗിച്ചത്. ടെലി,വിഷ്യോ എന്നീ ഗ്രീക്ക് വാക്കുകള്‍ ചേര്‍ത്താണ് പെര്‍ക്‌സി ടെലിവിഷന്‍ എന്ന പേര് ഉപയോഗിച്ചത്. ടെലി എന്ന വാക്കിന്റെ അര്‍ഥം'ദൂരം'എന്നാണ്.'വിഷ്യോ'എന്നാല്‍ കാഴ്ച എന്നുമാണ്. ഇത് രണ്ടും ചേര്‍ത്താണ് ദൂരക്കാഴ്ച എന്നുണ്ടായത്.
ബേഡിന്റെ കണ്ടുപിടിത്തം
ടെലിവിഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും നടന്നു കൊണ്ടിരുന്നു. എന്നാല്‍, ഇതില്‍ പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചത് സ്‌കോട്ട്‌ലാന്റ് കാരനായ ജോണ്‍ ലോഗി ബേഡ് ആണ്. ചെറുപ്പത്തില്‍ തന്നെ കൈയില്‍ എന്തുകിട്ടിയാലും അത് അഴിച്ച് വീണ്ടും ഉണ്ടാക്കുന്ന ബേഡിന്റെ വിനോദം കണ്ടുകൊണ്ടാണ് അച്ഛന്‍ മകനെ ടെക്‌നിക്കല്‍ സ്‌കൂളിലേക്ക് അയച്ചത്.
ബേഡ് ആദ്യം ചെയ്തത് ഒരു നിപ്‌കോവ് ഡിസ്‌കും ഒപ്പം കുറേ മോട്ടോറുകളും വാങ്ങി. ശേഷം നിറയെ സുഷിരങ്ങളുള്ളതും വൃത്താകൃതിയിലുള്ളതുമായ കാര്‍ഡ് ബോര്‍ഡ് ഡിസ്‌കിനെ മോട്ടോര്‍ ഫാനുമായി ബന്ധിപ്പിച്ചു. ഡിസ്‌കിന് പിറകിലായി ഒരു ലെന്‍സും ഘടിപ്പിച്ചു. ഇത് കാമറയുടെ ഫലമുണ്ടാക്കി. അതിനുശേഷം കാര്‍ഡ് ബോര്‍ഡില്‍ വെട്ടിയുണ്ടാക്കിയ ഒരു കുരിശ് ലന്‍സിന്റെ മുന്‍പില്‍ സ്ഥാപിച്ചു.
ഒരു നിയോണ്‍ ബള്‍ബിന്റെ പ്രകാശത്തില്‍ കാര്‍ഡ് ബോര്‍ഡ് കറക്കിയപ്പോള്‍ കുരിശില്‍ തട്ടി പ്രതിഫലിച്ചു. പ്രകാശ രശ്മികള്‍ യന്ത്രത്തിലൂടെ കടന്ന് വൈദ്യുത തരംഗങ്ങളായി. അവയെ വീണ്ടും പ്രകാശ രശ്മികളാക്കി മാറ്റിയപ്പോള്‍ പിന്നിലുള്ള സ്‌ക്രീനില്‍ കുരിശിന്റെ രൂപം തെളിഞ്ഞു. അതോടെ തന്റെ പരീക്ഷണം വെറുതെയായില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രേരിപ്പിച്ചു.
ദരിദ്രനായ ബേഡ് പരീക്ഷണശാലയായി ഉപയോഗിച്ചത് സുഹൃത്തിന്റെ വീട്ടിലെ ഒറ്റ മുറിയായിരുന്നു. തന്റെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചത് പാഴ് വസ്തുക്കളായിരുന്നു. ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവില്‍ സ്‌ക്രീനില്‍ ഒരു രൂപം കണ്ടു. സന്തോഷാധിക്യത്താല്‍ അദ്ദേഹം റോഡിലിറങ്ങി. അവിടെ കണ്ട ഒരു കുട്ടിയെ കാമറക്ക് മുന്നില്‍ നിര്‍ത്തി. യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അപ്പുറത്തെ മുറിയിലുണ്ടായിരുന്ന കുട്ടി സ്‌ക്രീനില്‍ തെളിഞ്ഞു. അങ്ങനെ വില്യം ടെന്റന്‍ എന്ന ആ ബാലന്‍ ടെലിവിഷനിലെ ആദ്യ അഭിനേതാവായി.
ടി.വിയുടെ മുഴുവന്‍ പേര് 'ടെലിവിഷന്‍ റസീവര്‍'എന്നാണ്. വായുവിലൂടെയും കേബിളുകളിലൂടെയും വരുന്ന സിഗ്നലുകളെ ചിത്രങ്ങളും ശബ്ദങ്ങളുമാക്കി മാറ്റുന്നത് ഈ കേബിളുകളാണ്. വിവിധയിനം ടി.വികളെ പരിചയപ്പെടാം.
ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി
ആദ്യ കാലത്ത് ടെലിവിഷന്‍ വളരെ വലുതായിരുന്നു. അന്ന് സമ്പന്നന്മാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിഞ്ഞ ഈ ടി.വി പത്തായം പോലുള്ളതായിരുന്നു. ഇതില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ മാത്രമായിരുന്നു പ്രദര്‍ശിക്കപ്പെട്ടിരുന്നത്.
എല്‍.സി.ഡി ടി.വി
സാധാരണ ഇലക്ട്രിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതും നേര്‍ത്തതും പരന്നതുമായ സ്‌ക്രീനാണ് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ. ഇത് സാധാരണ കാല്‍ക്കുലേറ്റര്‍ പോലുള്ളതിലാണ് ഉപയോഗിക്കാറ്. എന്നാല്‍, ഇന്ന് ടെക്‌നോളജിയുടെ സഹായത്തോടെ വിലകുറഞ്ഞതും ഊര്‍ജ ഉപയോഗം കുറഞ്ഞതുമായ എല്‍.സി.ഡി വികസിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും എല്‍.സി.ഡി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പ്ലാസ്മ ടി.വി
ചുവപ്പ്,നീല, പച്ച നിറങ്ങളിലുള്ള ഫോസ്ഫറസ് കോട്ടിങ്ങോടെ ചെറിയ പ്ലാസ്മ സെല്ലുകളാണ് ഇതിന്റെ ഡിസ്‌പ്ലേയിലുപയോഗിക്കുന്നത്. ഇത് ഫ്‌ളൂറസെന്റ് ബള്‍ബുകളുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഒ.എല്‍.ഇ.ഡി ടി.വി
ഒ.എല്‍.ഇ.ടി അഥവാ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോട് ഇലക്ട്രണ്‍ എമിനന്‍സ് ലയര്‍ വൈദ്യുതി കത്തിക്കുമ്പോള്‍ പ്രകാശം ചൊരിയുന്നു. കംപ്യൂട്ടര്‍, ടെലിവിഷന്‍, മോണിറ്റര്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ് എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത്.
ഡിജിറ്റല്‍ ടി.വി
ആദ്യകാലത്ത് ടി.വികളില്‍ സിഗ്നലുകള്‍ അനലോഗ് രീതിയിലായിരുന്നു അയച്ചിരുന്നത്. ശബ്ദവും വീഡിയോയും വേറെ വേറെ അയക്കാം. എന്നാല്‍, കംപ്യൂട്ടറിന്റെ വരവോടെ അനലോഗ് സംപ്രേഷണം കുറഞ്ഞു. കംപ്യൂട്ടര്‍ സഹായത്തോടെയുള്ള ഡിജിറ്റല്‍ സംപ്രേഷണമാണ് അതിന്റെ പകരമായി വന്നത്. അതോടെ ടി.വിയിലെ ചിത്രങ്ങള്‍ക്കും മോടി വര്‍ധിച്ചു.1980കളില്‍ ജപ്പാനില്‍ ഡിജിറ്റല്‍ ടി.വി സംപ്രേഷണം തുടങ്ങി. 2006 ല്‍ ലെക്‌സംബര്‍ഗ് എന്ന രാജ്യം ഭൂതല സംപ്രേഷണം മുഴുവന്‍ ഡിജിറ്റലാക്കി മാറ്റി. 2010 ആയപ്പോഴേക്കും ലോകത്തെ മിക്കരാജ്യങ്ങളിലും ഡിജിറ്റല്‍ ടി.വി വന്നിരുന്നു.
സ്മാര്‍ട്ട് ടി.വി
ടെലിവിഷന്‍, കംപ്യൂട്ടര്‍, സെറ്റ്‌ടോപ്പ് ബോക്‌സ് എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് സ്മാര്‍ട്ട് ടി.വി. ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ഇന്ററാക്ടീവ് മീഡിയ, ഓണ്‍ഡിമാന്റ് സ്ട്രീമിങ് മീഡിയ തുടങ്ങിയ പുത്തന്‍ വിദ്യകളെല്ലാം ഇതില്‍ ലഭ്യമാണ്. ഇതില്‍ സ്മാര്‍ട്ട് ഫോണിലേതുപോലെ വിവിധതരം ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. സാധാരണ റിമോട്ട് ഉപയോഗിക്കുന്നതിനു പകരം ആംഗ്യംകൊണ്ടും ശബ്ദംകൊണ്ടും ഇതു നിയന്ത്രിക്കാന്‍ സാധിക്കും.
വി.ആര്‍. ടി.വി
നാം കാണുന്ന കാഴ്ചകളില്‍ കംപ്യൂട്ടര്‍ കൂടി ഇടപെട്ടുണ്ടാവുന്ന അത്ഭുത കാഴ്ചകളെ വെര്‍ച്വല്‍ റിയാലിറ്റി എന്നുപറയാം. ഇല്ലാത്ത ജീവികളും സംഭവങ്ങളുമൊക്കെ നമ്മുടെ മുന്നില്‍ വന്ന് അമ്പരപ്പിക്കുന്ന ഈ വിദ്യ വീഡിയോ ഗെയ്മുകളിലാണ് കൂടുതലായും ഉപയോഗിക്കാറ്. ഇപ്പോള്‍ ഇത് ടെലിവിഷന്‍ മേഖലയിലേക്കും കടന്നുവന്നിട്ടുണ്ട്.
ലോക ടെലിവിഷന്‍ ദിനം
1996 ഡിസംബര്‍ 17ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ലോക ടെലിവിഷന്‍ ദിനമായി നവംബര്‍ 21 പ്രഖ്യാപിച്ചു. 1996 നവംബര്‍ 21, 22 തിയതികളില്‍ പ്രഥമ ടെലിവിഷന്‍ ഫോറം ലോകരാഷ്ട്രങ്ങളിലെ മാധ്യമ ശ്രേഷ്ടരെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാര്‍ മൂല്യവത്തായ ടെലിവിഷന്‍ സംപ്രേഷണത്തെക്കുറിച്ച് ചര്‍ച്ചനടത്തി. ചര്‍ച്ചയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് യു.എന്‍ ടെലിവിഷന്‍ ദിനം പ്രഖ്യാപിച്ചത്. നാം മനസിലാക്കുന്നത് പോലെ ടെലിവിഷന്‍ ദിനം കേവലം ഒരു പരിപാടിയല്ല. വിവരസാങ്കേതിക രംഗത്തെ മികവും ആശയപരമായ തെളിവും തത്വചിന്താപരമായ മൂല്യങ്ങളെയും ധാര്‍മികതയേയും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഏറ്റെടുക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ഫൈലോ ടി.ഫോണ്‍ സ്വര്‍ത്ത്
ആധുനിക ടി.വിയുടെ പിതാവായി അറിയപ്പെടുന്നത് അമേരിക്കക്കാരനായ ഫൈലോടി.ഫാന്‍സ്വര്‍ത്താണ്. അമേരിക്കയിലെ യുട്ടായില്‍ ലൂയി എഡിന്റെയും സെറീന ഫാണ്‍സ് വര്‍ത്തിന്റെയും മകനായി 1906 ആഗസ്റ്റ് 19 നാണ് ഫൈലോ ജനിക്കുന്നത്. മറ്റുള്ള ശാസ്ത്രജ്ഞര്‍ ടെലിഫോണും, ബള്‍ബും കണ്ടുപിടിച്ചപോലെ താനും ഒരു കണ്ടുപിടുത്തം നടത്തുമെന്ന് കുട്ടിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം പറയുമായിരുന്നു.
13ാം വയസില്‍ ഫൈലോയുടെ കുടുംബം ഇഡാഹോ എന്ന സ്ഥലത്തേക്ക് താമസം മാറി. ബന്ധുവായ ആല്‍ബര്‍ട്ടിന്റെ 240 ഏക്കര്‍ തോട്ടത്തിലാണവര്‍ പുതുതായി താമസം തുടങ്ങിയത്. അതുവരെ വൈദ്യുതിയില്ലാത്ത വീട്ടിലാണ് കഴിഞ്ഞതെങ്കില്‍ ഫൈലോയുടെ പുതിയ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നു. തന്റെ വീട്ടിലെ തയ്യല്‍ മെഷീനുള്‍പ്പെടെ പലതും വൈദ്യുതിയുടെ സഹായത്തോടെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഫൈലോക്ക് സാധിച്ചിരുന്നു. 13ാംവയസില്‍ വാഹനങ്ങള്‍ മോഷണം തടയുന്നതിനുള്ള സ്വച്ച് കണ്ടുപിടിച്ചതിനുള്ള 25 ഡോളര്‍ സമ്മാനം ഫൈലോ നേടി. അമ്മാവന്റെ വീട്ടില്‍ നിന്ന് ഫൈലോക്ക് ഒരു ദിവസം ഒരു ശാസ്ത്ര മാസിക (പോപ്പുലര്‍ സയന്‍സ്) കിട്ടി. അതില്‍ നിന്നാണ് ഫൈലോ ആദ്യമായി ടെലിവിഷനെക്കുറിച്ച് അറിയുന്നത്. റേഡിയോ തരംഗങ്ങള്‍ വഴി പ്രസംഗവും സംഗീതവും സംപ്രേഷണം ചെയ്തിരുന്നങ്കിലും ദൃശ്യങ്ങള്‍ അയക്കാന്‍ അതുവരെ സാധിച്ചിരുന്നില്ല.
ടി.വി ഇന്ത്യയില്‍
1920 കളില്‍ ലോകത്തിന്റെ പലഭാഗത്തും ടെലിവിഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും ഇന്ത്യയിലേക്ക് ടി.വി എത്തുന്നത് 1959 ലാണ്. ലോകത്തെ ആദ്യ ടി.വി സംപ്രേഷണത്തിനു 30 വര്‍ഷം കഴിഞ്ഞെന്നര്‍ഥം. 1959 സെപ്റ്റംബര്‍ 15ന് ഡല്‍ഹിയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ടി.വി സ്റ്റേഷന്‍ സ്ഥാപിച്ചു. ആകാശവാണിയുടെ കെട്ടിടത്തിലെ ഒരു മുറിയിലെ 5 കിലോവാട്ട് മാത്രമുള്ള ട്രാന്‍സ്മിറ്ററാണ് ആദ്യം ഉണ്ടായിരുന്നത്. രാഷ്ട്രപതി ഡോ.രാരേജന്ദ്രപ്രസാദ് ടി.വി സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ഇതേ സമയത്തൊന്നും ദിവസേനയുള്ള സംപ്രേഷണം നിലവില്‍ വന്നിരുന്നില്ല. അതിനായി 1965 വരെ കാത്ത് നില്‍ക്കേണ്ടി വന്നു. ഇതേ വര്‍ഷം തന്നെ ആദ്യത്തെ വാര്‍ത്താപരിപാടിയും ആരംഭിച്ചു. 1975വരെ ഇന്ത്യയിലെ ഏഴു നഗരങ്ങളില്‍ മാത്രമേ ടെലിവിഷന്‍ പ്രവര്‍ത്തനം ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍, 1982ല്‍ രാജ്യത്താകമാനം ദൂരദര്‍ശന്‍ വന്നു. അതിനൊപ്പം കളര്‍ സംപ്രേഷണവും തുടങ്ങി. 1976 ജനുവരി ഒന്നുമുതല്‍ ഇന്ത്യയില്‍ ടി.വികളിലെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു.
കേരളത്തില്‍
1985 ജനുവരി ഒന്നിനാണ് ആദ്യമായി മലയാളത്തില്‍ ടി.വി സംപ്രേഷണം ആരംഭിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനായിരുന്നു അന്നത്തെ ഏക ടി.വി ചാനല്‍. തിരുവനന്തപുരത്തെ കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യ സംപ്രേഷണം ആരംഭിച്ചതോടെ ദൃശ്യ മാധ്യമ രംഗത്തേക്കുള്ള കേരളത്തിന്റെ ആദ്യചുവടുവെപ്പായി.
ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങ് 1982 നവംബര്‍ 19ന് ഇന്ത്യയൊട്ടാകെ സംപ്രേഷണം ചെയ്തപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കും അതില്‍ പങ്കുചേരാന്‍ സാധിച്ചിരുന്നു. എന്നാല്‍, യഥാര്‍ഥ മലയാള സംപ്രേഷണം വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഉണ്ടായത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തുമാത്രവും പിന്നീട് കൊച്ചിയിലുമാണ് മലയാള പരിപാടികള്‍ ഉണ്ടായത്. 1993ല്‍ ആണ് കേരളത്തിലൊട്ടാകെ ദൂരദര്‍ശന്‍ സംപ്രേഷണം ആരംഭിച്ചത്.
മലയാള ചാനലുകള്‍
1993 ആഗസ്റ്റ് 30ന് സംപ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റാണ് കേരളത്തിലെ ആദ്യ സ്വകാര്യ ചാനല്‍. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി സംരംഭവും ഏഷ്യാനെറ്റാണ്. 1995 സെപ്റ്റംബര്‍ 30ന് രാത്രി7.30ന് ആദ്യത്തെ തത്സമയ വാര്‍ത്താ സംപ്രേഷണം നടന്നു. അന്ന് ഇന്ത്യയിലെ ഒരു സ്വകാര്യ ചാനല്‍ ആദ്യമായിട്ടായിരുന്നു തത്സമയ വാര്‍ത്താ സംപ്രേഷണം ചെയ്യുന്നത്. പിന്നീട് 1998 ഒക്ടോബറില്‍ സൂര്യ ടി.വി ആരംഭിച്ചു. തുടര്‍ന്ന്, കൈരളി, ജീവന്‍, ജയ്ഹിന്ദ്, കൗമുദി, മാതൃഭൂമി, മനോരമ, റിപ്പോര്‍ട്ടര്‍, ഫ്‌ളവേഴ്‌സ്, മംഗളം എന്നീ ചാനലുകള്‍ പ്രവര്‍ത്തനം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."