ഉരുക്കുകോട്ടകള്‍ ഉരുക്കുകൊണ്ട് നിര്‍മിച്ചതല്ല
ബനാത്ത്‌വാല സാഹിബ് പൊന്നാനിയില്‍ നിന്ന് സ്ഥിരമായി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് ഒരു കഥയുണ്ട്. നോമിനേഷന്‍ കൊടുത്ത് അതിനുമേല്‍ ഒരു കോണിയും ചാരിവച്ച് മുംബൈയിലേക്ക് മടങ്ങിപ്പോകാം. തിരിച്ചുവരുമ്പോള്‍ ലക്ഷക്കണക്കിനു വോട്ടുകള്‍ ആ കോണിയില്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും. വിജയത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യമായിരുന്നു അത്തരമൊരു കഥ രൂപപ്പെടുത്തിയത്. ഇന്ന് അത്തരം കഥകളെ മുസ്‌ലിം ലീഗ് പിന്തുണക്കില്ല. ആ പാര്‍ട്ടി നേരിട്ട ചില പരാജയങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാന്‍ മുസ്‌ലിം ലീഗിനെ പഠിപ്പിച്ചിട്ടുണ്ട്. പരാജയത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കുകയും അതില്‍ വലിയൊരളവ് വിജയിക്കുകയും ചെയ്ത രാഷ്ട്രീയപ്രസ്ഥാനം മുസ്‌ലിം ലീഗാണ്. ഒരു പാഠവും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടി കോണ്‍ഗ്രസും. പാലായില്‍ കേരള കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമായത് ഏതു തരം തീവ്രവിഭാഗീയതയായിരുന്നോ അതുതന്നെ കോന്നിയിലും ആവര്‍ത്തിച്ചു. പാലായിലും കോന്നിയിലുമൊക്കെ തോല്‍ക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കഷ്ടപ്പെട്ടത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയമല്ല സംഭവിച്ചത്. മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലും കേരള കോണ്‍ഗ്രസിലും പ്രത്യക്ഷപ്പെട്ട കനത്ത അനൈക്യത്തിനു കൊടുക്കേണ്ടിവന്ന വിലയാണ്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തിരിച്ചറിയേണ്ട വലിയൊരു സത്യമുണ്ട്. ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും മുഖ്യശത്രു കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഇന്ത്യയെ കോണ്‍ഗ്രസ് വിമുക്തഭാരതമാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഓരോ സംസ്ഥാനത്തുനിന്നും കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക. അതിന്റെ ഗുണഫലം കേരളത്തില്‍ ഇടതുപക്ഷത്തിനു കിട്ടിയാലും പ്രശ്‌നമൊന്നുമില്ല ബി.ജെ.പിക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ഏത് ഹീനമാര്‍ഗവും ബി.ജെ.പി സ്വീകരിക്കുമെന്ന് കര്‍ണാടകത്തില്‍ കണ്ടതുമാണ്. കോണ്‍ഗ്രസ്‌വിരുദ്ധ ഭാരതം സൃഷ്ടിക്കാനുള്ള മിഷന്‍ മാത്രമല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുക. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് സംസ്ഥാന ഭരണത്തില്‍ കൃത്യമായ നിയന്ത്രണാധികാരമുണ്ട് കേരളത്തില്‍. ബി.ജെ.പിയുടെ വംശീയത കൃത്യമായി ലക്ഷ്യംവയ്ക്കുന്നത് മുസല്‍മാനെയാണ്. മുസ്‌ലിം ലീഗിലൂടെ ഒരു മുസ്‌ലിം ന്യൂനപക്ഷ പ്രസ്ഥാനത്തെയും ഭരണത്തില്‍നിന്ന് പുറത്തുനിര്‍ത്താം. ഇത്തരം ചതികള്‍ തിരിച്ചറിയാന്‍ പോലും ശ്രമിക്കാതെ അനൈക്യത്തിലും അങ്കപ്പോരിലും രാഷ്ട്രീയജീവിതം മുന്നോട്ടുപോയാല്‍ അധികാരമെന്നത് കിട്ടാക്കനിയാകും യു.ഡി.എഫിന്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചാണെങ്കില്‍ അതിന്റെ സംഘടനാ സംവിധാനം അത്രമേല്‍ ദുര്‍ബലമാണ്. ഇത്രയേറെ ഭരണവിരുദ്ധത താഴേതട്ടില്‍ ഉണ്ടായിട്ടും മൂന്ന് സിറ്റിങ് സീറ്റ് കളഞ്ഞുകുളിച്ചത് വരാന്‍പോകുന്ന യു.ഡി.എഫ് ദുരന്തത്തിന്റെ സൂചനയാണ്. സി.പി.എമ്മിന്റെ ഏറ്റവും വലിയ വിജയം അതിന്റെ സംഘടനാ ബലമാണ്. ടി.പി ചന്ദ്രശേഖരന്‍ വധത്തിനു ശേഷമുണ്ടായ സാഹചര്യത്തെപ്പോലും അത്ഭുതകരമാം വിധം സി.പി.എം അതിജീവിച്ചു. ഇത്രയേറെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തിയിട്ടും ന്യായീകരണത്തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ സി.പി.എമ്മിനു സാധിക്കുന്നു. ടി.പി വധത്തിനുശേഷം സി.പി.എം സഹയാത്രികരായ എഴുത്തുകാര്‍ അല്‍പം ശബ്ദമുയര്‍ത്തിയെങ്കിലും അതിന്റെ ആപത്ത് തിരിച്ചറിഞ്ഞ് അവരെ നിശബ്ദരാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടക്കൊലക്കുനേരെയും കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് കൊലപാതകങ്ങള്‍ക്കു നേരെയും നിവര്‍ന്നുനിന്ന സി.പി.എം ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നാവുകള്‍ കൃപേഷ്, ശരത്‌ലാല്‍, ശുഹൈബ് എന്നിവര്‍ക്കുവേണ്ടി ഒന്ന് സഹതപിക്കാന്‍ പോലും വന്നില്ല. ഫാസിസം എന്ന ആശയം സി.പി.എം പ്രയോഗിക്കുമ്പോള്‍ കുറ്റകരമാംവിധം നിശബ്ദമാകുന്ന ഒരു ഇരട്ടത്താപ്പ് കേരളത്തിലെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇടയിലുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന് ഒരു ഏകീകൃത പ്രാസ്ഥാനിക സ്വഭാവമില്ല എന്നതാണ്. നേതാക്കന്മാരെ ചുറ്റിപ്പറ്റി രൂപം കൊള്ളുന്ന സംഘങ്ങളുടെ കൂട്ടായ്മ മാത്രമാണത്. അവരുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്കുനേരെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതികരിക്കാനുള്ള ഏകവഴി തെരഞ്ഞെടുപ്പാണ്. ഉപതെരഞ്ഞെടുപ്പില്‍ അത് നന്നായി പ്രതിഫലിച്ചു. അതിജനാധിപത്യമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതിന് ചില ഗുണങ്ങളുണ്ട്. ഫാസിസ്റ്റ് ഘടനയിലേക്ക് ഒരിക്കലും മാറാതിരിക്കും. രഹസ്യാത്മകതയിലൂടെ രൂപംകൊള്ളുന്ന കൊലപാതക രാഷ്ട്രീയം പാര്‍ട്ടിയിലേക്ക് കടന്നുവരാതിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഹിംസാ ഭാവത്തിന്റെ മുഖ്യകാരണം അതിന്റെ അതിജനാധിപത്യമാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കും ആ പ്രസ്ഥാനം. സി.പി.എമ്മിന് അന്യമായതും ഈ ഭാവമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭയം കടത്തിവിട്ടും തറവാടിത്തഘോഷണം നടത്തിയുമാണ് സി.പി.എം നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കു പുറത്തുള്ള എല്ലാ ജനാധിപത്യ മര്യാദകളോടും അവര്‍ അസഹിഷ്ണുകളാകും. ടി.പി ചന്ദ്രശേഖരന്‍ വധം പോലൊന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധ്യമല്ല. അതവര്‍ ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് അതിജനാധിപത്യം ഗുണകരമാകില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയം യു.ഡി.എഫിനെ അമിതാത്മവിശ്വാസികളാക്കി. അതിനുശേഷം നേതാക്കന്മാരുടെ പ്രതികരണങ്ങളില്‍ അഹങ്കാരം നിഴലിച്ചു. ലോക്‌സഭയിലെ വോട്ടിങ് രീതി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയേയില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വരാനാഗ്രഹിച്ച ജനതയുടെ കിനാവുകളാണ് യു.ഡി.എഫിനെ മിന്നും വിജയത്തിലെത്തിച്ചത്. അല്ലാതെ ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ പരാജയമൊന്നുമായിരുന്നില്ല അത്. ഇങ്ങനെയൊരു സ്വപ്നം ഭാവിയില്‍ ജനത കാണണമെന്നുമില്ല.
തെരഞ്ഞെടുപ്പില്‍ ഉരുക്കുകോട്ടകള്‍ എന്ന സങ്കല്‍പ്പം ഒരു മിഥ്യ മാത്രമായി മാറുകയാണ്. എന്തുവന്നാലും താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനേ വോട്ട് ചെയ്യൂ എന്ന ശാഠ്യം ക്രമേണ ഇല്ലാതാകുന്നു. പൊളിറ്റിക്കല്‍ വോട്ട് കുറയുന്നു എന്നര്‍ഥം. ഈ മനോഭാവം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴ്ത്തും. അതതു കാലത്തെ അതിവൈകാരിക പ്രകടനങ്ങളാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്. വികസനം, സാമൂഹികനീതി ഇവയൊന്നും ജനതയെ സ്വാധീനിക്കുകയില്ല. സര്‍ക്കാരുകളുടെ ജനവിരുദ്ധതപോലും ജനതയ്ക്ക് വിഷയമല്ലാതായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം മോദിയുടെ രണ്ടാം വരവാണ്. അടിസ്ഥാനജനതയുടെ പ്രശ്‌നം വിശപ്പും പാര്‍ശ്വവല്‍ക്കരണവുമാണ്. നീതിനിഷേധമാണ്. ഇത്തരം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്. പക്ഷെ അങ്ങനെയല്ല ഇന്ത്യയില്‍ സംഭവിക്കുന്നത്. അതീവ തീവ്രമായ വലതുപക്ഷ ആശയങ്ങള്‍ ജനതയെ മിഥ്യാവലയത്തിലാക്കുന്നു. സത്യം മായുന്നു. നുണകള്‍ക്കു പ്രചാരമേറുന്നു. ഇതാണ് സത്യാനന്തരകാലം.
സമരോത്സുകതയും ചില ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. സമരപ്രയോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് സി.പി.എം തന്നെ. സരിത പറഞ്ഞ നുണകള്‍ സമരമാക്കി മാറ്റി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. എന്നാല്‍ സമരങ്ങള്‍ സമര്‍ഥമായി മുന്നോട്ട് കൊണ്ടുപോകാന്‍ യു.ഡി.എഫിനു സാധിക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലാണ് ഒരു ജലീല്‍ ഉണ്ടായിരുന്നതെങ്കില്‍ എത്ര തവണ രാജിവയ്‌ക്കേണ്ടിവന്നിരുന്നു എന്നു മാത്രം ചിന്തിച്ചാല്‍ മതി.
ബി.ജെ.പിയുടെ കാര്യമാണ് ഏറെ കഷ്ടം. വോട്ട് കച്ചവടം നടത്തി എത്രകാലം ഈ പാര്‍ട്ടി മുന്നോട്ട് പോകും. ബി.ജെ.പി നേതാക്കള്‍ കേരളത്തില്‍ നിന്നുകൊണ്ട് എം.എല്‍.എ സ്വപനം കാണേണ്ടതില്ല. കെ. സുരേന്ദ്രനും, കുമ്മനവും എം.ടി രമേഷും, ശോഭയുമൊക്കെ മിടുക്കരാണ്. പോരാളികളാണ്. പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പ്രസ്ഥാനം തിരഞ്ഞെടുത്തപ്പോള്‍ അവര്‍ക്ക് പിഴച്ചു. എത്രയും പെട്ടെന്ന് മറ്റേതെങ്കിലും ജനാധിപത്യ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതാണ് അവര്‍ക്ക് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."