ഇന്ന് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍
മനാമ:റമളാന്‍ 29 ആയ ശനിയാഴ്ച ശവാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി അടക്കമുള്ള വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മതകാര്യവിഭാഗങ്ങള്‍ ആഹ്വാനം ചെയ്തു.
മാസപ്പിറവി ദര്‍ശിച്ചവര്‍ അടുത്തുള്ള ശരീഅ കോടതികളില്‍ വിവരം സാക്ഷ്യപ്പെടുത്തണമെന്ന് സഊദി സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഔഖാഫ്-മത കാര്യ വിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ മാസപ്പിറവി നീരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഹ്വാനം ചെയ്തിരുന്നു.
ബഹ്‌റൈനില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷണത്തിനും പ്രഖ്യാപനത്തിനുമായി സുപ്രിം ഇസ്‌ലാമിക് അഫയേഴ്‌സ് കൗണ്‍സില്‍ (എസ്.ഐ.എ.സി) ശനിയാഴ്ച യോഗം ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതിനിടെ ശനിയാഴ്ച മാസപ്പിറവി കാണാനുള്ള ഒരു സാധ്യതയുമില്ലെന്ന് ഒമാനിലെ മതകാര്യവിഭാഗം അറിയിച്ചു. ഒമാനിലെ ഗോള ശാസ്ത്ര വിഭാഗത്തിന്റെ റിപ്പോര്‍ട്ടടിസ്ഥാനമാക്കിയാണ് ശനിയാഴ്ച മാസപ്പിറവി ദര്‍ശനം സാധ്യമല്ലെന്ന് ഒമാന്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇവിടെ ശനിയാഴ്ചയിലെ സൂര്യസ്തമയം 6.57 നാണ്. സൂര്യന്‍ അസ്തമിച്ച് 18 മിനിറ്റിന് ശേഷമാണ് ചന്ദ്രന്‍ അസ്തമിക്കുന്നതെന്നും സൂര്യാസ്ത്മയ സമയത്ത് ചന്ദ്രന്റെ ഉയരം 3 ഡിഗ്രിആയിരിക്കുമെന്നുമാണ് ഒമാനിലെ ഗോളശാസ്ത്ര വിദഗ്ദര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം, സൗദിയില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകുമെന്നും ഇതനുസരിച്ച് സൗദിയിലും അയല്‍ രാഷ്ട്രങ്ങളിലും ഈദുല്‍ ഫിത്വര്‍ ഞായറാഴ്ചയാകുമെന്നും സഊദിയിലെ അറബ് ഗോള ശാസ്തജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ 24ന് സൂര്യന്‍ അസ്തമിച്ച ശേഷം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ചന്ദ്രന്‍ 21മിനുട്ട് അവശേഷിക്കും. മക്ക ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയില്‍ ഇത് 23 മിനുട്ടായിരിക്കും. തെക്കന്‍ മേഖലയില്‍ അതിലേറെ സമയവും ബാല ചന്ദ്രനെ ദര്‍ശിക്കാം. ശനിയാഴ്ച തെളിഞ്ഞ ആകാശമാണ് പ്രതീക്ഷിക്കുന്നതെന്നും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ കാണാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗോള ശാസ്ത്രരുടെ അറിയിപ്പിലുണ്ട്.
ഇതോടെ ഇത്തവണത്തെ ഈദുല്‍ ഫിത്വര്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം ഞായറാഴ്ചയാകാനാണ് സാധ്യത. റമദാന്‍ 30 പൂര്‍ത്തിയാക്കിയായിരിക്കും ഒമാനിലെ പെരുന്നാളാഘോഷം. അതിനിടെ രാഷ്ട്രീയ പ്രതിസന്ധികളുണ്ടെങ്കിലും ഖത്തറും സൗദി അനുകൂല രാഷ്ട്രങ്ങള്‍ക്കൊപ്പം പെരുന്നാളാഘോഷിക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ വിലയിരുത്തല്‍, ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ അറിയിപ്പനുസരിച്ചും ഞായറാഴ്ച മാസപ്പിറവി കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ വിവിധ രാഷ്ട്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."