മക്കയില്‍ ഭീകരര്‍ ലക്ഷ്യം വെച്ചത് വിശുദ്ധ ഹറം പളളിയടക്കം മൂന്നിടങ്ങള്‍, അഞ്ചു പേര് പിടിയില്‍
മക്ക: മക്കയിലും പരിസരങ്ങളിലും വെള്ളിയാഴ്ച നടന്ന തീവ്രവാദ വേട്ടയില്‍ പിടിയിലായ തീവ്രവാദികളുടെ ലക്ഷ്യം മക്കയിലെ വിശുദ്ധ മസ്ജിദുല്‍ ഹറം ഭീകരാക്രമണമായിരുന്നെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. വിശുദ്ധ ഹറം പളളിയടക്കം മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തയാറാക്കിയ ഭീകരരുടെ ഗൂഢാലോചനയാണ് വെള്ളിയാഴ്ച തകര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മക്കയിലും പരിസരങ്ങളിലുമായി സഊദി സുരക്ഷാ സേന നടത്തിയ തീവ്രവാദ വേട്ടയില്‍ തീവ്രവാദികളെ പിടികൂടിയത്. മക്കയിലെ അല്‍ അജ് യാദ് ജില്ലയിലെ അല്‍ അസീലയിലും ജിദ്ദയിലും നടന്ന തീവ്രവാദ വേട്ടയില്‍ സഹോദരങ്ങളായ രണ്ടു പേരെയടക്കം ഭീകര സംഘത്തില്‍ പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. തീവ്രവാദികളെ കീഴ്പെടുത്താനുള്ള ശ്രമത്തിനിടെ മക്കയില്‍ ഒരു തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മക്കയിലും ജിദ്ദയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തീവ്രവാദ വേട്ട നടത്തിയത്. ഇതിനിടയിലായിരുന്നു മക്കയിലെ അജ്യാദില് ഒരു തീവ്രവാദി സ്വയം സ്ഫോടനം നടത്തി ആത്മാഹുതി ചെയ്തത്.
ചാവേര്‍ തങ്ങിയിരുന്ന മൂന്ന് നില വീടായിരുന്നു ഇതിലൊന്ന്. ഇവിടെ സുരക്ഷാ ഭടന്മാര് വളഞ്ഞപ്പോഴാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിറയൊഴിച്ച ഇയാള്‍ ഒടുവില്‍ നടത്തിയ സ്ഫോടനമാണ് മരണത്തില്‍ കലാശിച്ചത്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പരുക്കേറ്റ ആറ് വിദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് സുരക്ഷാ ഭടന്മാര്ക്ക് നിസ്സാര പരുക്കുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചാവേറിനെ തിരിച്ചറിയാനുള്ള ശ്രമവും തുടരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.വിശുദ്ധ ഹറമിന്റെ സുരക്ഷ തകര്‍ക്കാനായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."