സൂപ്പര്‍ മലബാറിയന്‍സ്
യു.എച്ച് സിദ്ദീഖ്#
കോഴിക്കോട്: പഞ്ചാബി കരുത്തിനെ തലയ്ക്കടിച്ചു വീഴ്ത്തിയ മലബാറിയന്‍സിന് വിജയം. നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്വന്തം തട്ടകത്തില്‍ വീഴ്ത്തിയ ഗോകുലം കേരള എഫ്.സി ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കൊയ്തു. 60 ാം മിനുട്ടില്‍ എസ്. രാജേഷാണ് ഗോകുലത്തിന് വിജയഗോള്‍ സമ്മാനിച്ചത്. മലബാറിന്റെ കാല്‍പന്തു പെരുമയെ നെഞ്ചേറ്റി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മുപ്പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കിയാണ് മലയാളി താരം എസ്. രാജേഷ് മിനര്‍വയുടെ നെഞ്ചകം തകര്‍ത്ത ഗോള്‍ നേടിയത്. അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ ഗോകുലം രണ്ട് ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി എട്ട് പോയിന്റ് നേടി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി. നാല് കളിയില്‍നിന്ന് നാല് പോയിന്റുമായി മിനര്‍വ ഏഴാം സ്ഥാനത്താണ്.
ആക്രമണത്തിന്റെ കെട്ടഴിച്ച് ഗോകുലം
മിനര്‍വയ്‌ക്കെതിരേ ആദ്യ നിമിഷങ്ങള്‍ മുതല്‍ ഗോകുലം ആക്രമിച്ചു കളിച്ചു. ഏഴാം മിനുട്ടില്‍ ഗോളെന്നുറപ്പിച്ച ഗോകുലത്തിന്റെ നീക്കം. ബോക്‌സിന് പുറത്ത് നിന്ന് വലത് പാര്‍ശ്വത്തിലൂടെ അഭിഷേക് ദാസ് ഉയര്‍ത്തിക്കൊടുത്ത പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ഗോകുലം താരങ്ങള്‍ക്കായില്ല. ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ഉയര്‍ന്നു വന്ന പന്ത് മിനര്‍വ ഗോളി ഭാസ്‌കര്‍ റോയി പിടിച്ചെടുത്തു. തൊട്ടുപിന്നാലെ വീണ്ടും മിനര്‍വ ഗോള്‍ മുഖത്തേക്ക് ഗോകുലം താരങ്ങള്‍ ആക്രമിച്ചു കയറിയെങ്കിലും പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല. 12 ാം മിനുട്ടിലായിരുന്നു ഗോകുലത്തിന്റെ ഗോള്‍ മുഖത്തേക്ക് മിനര്‍വ ആദ്യ മുന്നേറ്റം നടത്തിയത്. 18 ാം മിനുട്ടില്‍ ഇടത് പാര്‍ശ്വത്തിലൂടെ മിനര്‍വ സ്‌ട്രൈക്കര്‍ ഡൊണാറ്റസ് ജോസഫ് എഡാഫയുടെ മുന്നേറ്റം. പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് പന്തുമായി മുന്നേറിയ എഡാഫേ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ നിറയൊഴിച്ചു. എന്നാല്‍, പന്ത് അനായാസം ഗോകുലം ഗോളി ഷിബിന്‍ രാജ് കുനിയില്‍ കൈയിലൊതുക്കി. വീണ്ടും മിനര്‍വ ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം മാത്രം അകലെയായി.
രാജേഷിന്റെ സമ്മാനം
തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൊഴിയൂരുകാരന്‍ രാജേഷിന്റെ സമ്മാനമായിരുന്നു മിനര്‍വയ്‌ക്കെതിരായ സൂപ്പര്‍ സണ്‍ഡേ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മിനര്‍വ ചില മികച്ച നീങ്ങള്‍ നടത്തി. എന്നാല്‍, ഗാലറി കാത്തിരുന്ന മനോഹര നിമിഷം 60 ാം മിനുട്ടില്‍ പിറന്നു. വലത് പാര്‍ശ്വത്തില്‍ നിന്ന് ഗനി അഹമ്മദ് നിഗം തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. ഗനിക്ക് ലഭിച്ച പന്ത് വി.പി സുഹൈറിലേക്ക്. ബോക്‌സിലേക്ക് ഓടിക്കയറി ഗനി അഹമ്മദ് നിഗമിന് സുഹൈര്‍ പന്ത് കൃത്യമായി മറിച്ചു നല്‍കി. ഗനി ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി തലവച്ച റെയില്‍വേ താരം എസ്. രാജേഷ് കിടിലന്‍ ഹെഡ്ഡറിലൂടെ മിനര്‍വയുടെ നെഞ്ചകം തകര്‍ത്തു വലകുലുക്കി. സ്‌കോര്‍: ഗോകുലം -1, മിനര്‍വ -0.
എഡാഫേയെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഓര്‍ട്ടിസ്
പന്തു വീണ്ടും ചലിച്ചു തുടങ്ങിയതോടെ കളി ഗോകുലം ഗോള്‍മുഖത്തായി. നൈജീരിയന്‍ സ്‌ട്രൈക്കര്‍ എഡാഫേ തുടരേ ആക്രമണവുമായി ഗോകുലം പകുതിയില്‍ വട്ടമിട്ടു പറന്നു. ഇതോടെ അര്‍ജന്റീനിയന്‍ ഡിഫണ്ടര്‍ ഫാബ്രിസിയേ ഓര്‍ട്ടിസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന് പിടിപ്പത് പണിയായി. 33 ാം മിനുട്ടില്‍ ഗോകുലത്തിന് അനുകൂലമായ മത്സരത്തിലെ ആദ്യ കോര്‍ണര്‍. പക്ഷെ, കോര്‍ണര്‍ മുതലാക്കാനായില്ല. തൊട്ടുപിന്നാലെ വലത് വിങിലൂടെ അന്റോണിയോ ജര്‍മന്‍ നടത്തിയ മുന്നേറ്റവും പരാജയപ്പെട്ടു. നൈജീരിയന്‍ സ്‌ട്രൈക്കര്‍ ലാന്‍സിനെ ടുറേയുമായിരുന്നു മിനര്‍വയുടെ ആക്രമണം നയിച്ചത്.
നിരന്തരം ഗോകുലം ഗോള്‍മുഖത്തേക്ക് ആക്രമിച്ചു കയറിയ ഇരുവരെയും പ്രതിരോധം കോട്ടമതില്‍ തീര്‍ത്തു തടയിട്ടു. മിന്നല്‍ നീക്കങ്ങളുമായി ഗോകുലം ഗോള്‍ മുഖത്തേക്ക് എഡാഫേ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് തന്ത്രപരമായി തടയിട്ടത് ഓര്‍ട്ടിസിന്റെ നീക്കങ്ങളായിരുന്നു. എഡാഫേയുടെ കാലുകളില്‍നിന്ന് കഴുകനെ പോലെ പന്തു റാഞ്ചിയെടുത്ത ഓര്‍ട്ടിസ് ഗോകുലത്തിന്റെ രക്ഷകനായി. ആദ്യപകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."