തിരുവനന്തപുരത്തും കൂടത്തായി മോഡല്‍, വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്തുമാറ്റിയെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് 20 വര്‍ഷത്തിനിടെ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വ്യാജ വില്‍പത്രം തയാറാക്കിയാണ് സ്വത്തുക്കള്‍ മാറ്റിയതെന്ന് ആരോപണം.
കുടുംബത്തിലെ അവകാശികള്‍ എല്ലാം മരിച്ച ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുള്‍പ്പടെ പേരിലാക്കി എന്നാണ് ആരോപണം.
കാര്യസ്ഥനും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. അതില്‍ വീട്ടുജോലിക്കാരിക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. വ്യാജ വില്‍പത്രം തയാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഈ കുടുംബത്തിന്റെ ബന്ധുവായ പ്രസന്നകുമാരി, പൊതുപ്രവര്‍ത്തകനായ അനില്‍കുമാര്‍ എന്നിവരാണ് ഈ മരണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം പരാതി നല്‍കുന്നത്.
അതിനുശേഷം ഡി.ജി.പിയുടെ ഓഫിസിന് ഈ പരാതി കൈമാറി.
തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സ്വത്ത് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് കണ്ടെത്തിയത്. കേസെടുത്ത് നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പ്രസന്നകുമാരി ഒരു മാസം മുന്‍പ് ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് കരമന പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
സ്വത്ത് തട്ടിയെടുത്തെന്ന പരാതിക്ക് പുറമെ ജയമാധവന്റെയും ജയപ്രകാശിന്റെയും മരണത്തിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. കൂടത്തായിയിലേതുപോലെ ഇവിടെയും ഒരാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ജയമോഹനും ജയപ്രകാശും മാനസികരോഗികളായിരുന്നെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറഞ്ഞു. ഇത് മറയ്ക്കാന്‍ അവരുടെ ചികിത്സാരേഖകള്‍ കത്തിച്ചു കളഞ്ഞു.
ഇവരുടെ പേരില്‍ വ്യാജമായി തയാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നെന്നും പ്രസന്നകുമാരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."