കാട്ടാന ശല്യം: പൊറുതിമുട്ടി മാത്തൂര്‍വയലുകാര്‍
പനമരം: കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി പനമരം മാത്തൂര്‍വയലുകാര്‍. ഏക്കര്‍ക്കണക്കിന് നെല്‍കൃഷിയാണ് ഇത്തവണ ആനകള്‍ നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഇറങ്ങിയ കാട്ടാനകൂട്ടമാണ് ഏക്കര്‍ കണക്കിന് നെല്‍കൃഷി ചവിട്ടിമെതിച്ചത്. സ്ഥലത്ത് ആനശല്യം വര്‍ധിച്ചുവരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു വിധ നടപടിയും അവര്‍ സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാണ്. ഇത് കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് പുറമെ ആനശല്യവും കൂടിയായതോടെ കര്‍ഷകര്‍ തീരാദുരിതത്തിലായിരിക്കുകയാണ്. കടുത്ത പ്രതിസന്ധികളെ തുടര്‍ന്ന് പ്രദേശവാസികള്‍ നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ മറ്റുള്ള പഞ്ചായത്തിലുള്ളവരാണ് പാട്ടത്തിനെടുത്ത് ഇവിടെ കൃഷിയിറക്കിയത്. മീനങ്ങാടി ചൂതുപാറ സ്വദേശി ബേബിയുടെ നേതൃത്വത്തിലുള്ള ജനശ്രീ കുടുംബ കൂട്ടായ്മയുടെ 25 ഏക്കര്‍ സ്ഥലവും സുജാതയുടെ നേതൃത്വത്തിലെ നിത്യ സാന്ത്വനം കുടംബശ്രീയുടെ 12 ഏക്കറും നെല്‍കൃഷിയാണ് കാട്ടനകള്‍ നിലംപരിശാക്കിയത്. ഇതിന് പുറമെ കുറ്റ്യാടിയില്‍നിന്നു വന്ന രാധാകൃഷണനും കുടുംബവും പാട്ടത്തിനെടുത്ത അഞ്ച് ഏക്കര്‍ നെല്‍കൃഷിയും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 45 ഏക്കറോളം നെല്‍പാടങ്ങള്‍ പൂര്‍ണമായും ഭാഗികമായും നശിപ്പിക്കപ്പെട്ടുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഇത്രയും ഭാഗത്തെ ഞാറുകള്‍ നശിച്ച് പോയിരുന്നു.
വെള്ളക്കെട്ട് നീങ്ങിയതിന് ശേഷം പാലക്കാടില്‍നിന്നു ഞാറെത്തിച്ചാണ് വീണ്ടും നെല്‍കൃഷി ആരംഭിച്ചതെന്ന് പാട്ട കര്‍ഷകരായ ബേബി, സുജാത, രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. ഒരു ഏക്കര്‍ നെല്‍കൃഷിക്ക് 27,000 രൂപയോളമാണ് ഇവര്‍ക്ക് ചെലവ് വന്നത്. നഷ്ടം നികത്താനാകാത്തതാണെന്നും ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."