ഇന്നുമുതല്‍ ഒളിംപിക്‌സിന്റെ വര്‍ണക്കാഴ്ചകള്‍ രാജ്യത്തിന് മെഡലിനായി പ്രാര്‍ഥനയോടെ വയനാട്
കല്‍പ്പറ്റ: ഇന്നുമുതല്‍ ഒളിമ്പിക്‌സിന്റെ വര്‍ണക്കാഴ്ചകള്‍ ലോകത്തിന്റെ കണ്ണുകള്‍ക്ക് വിരുന്നൂട്ടുമ്പോള്‍ പരുഷ-വനിത മാരത്തണുകളില്‍ രാജ്യം മെഡല്‍ നേടണേയെന്ന പ്രാര്‍ഥനയിലാണ് മലമുകളിലെ പ്രകൃതിരമണീയത. ലോക കായിക മാമാങ്കത്തിലെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ വയനാടന്‍ ചുരമിറങ്ങിയെത്തിയ രണ്ടുപേരുണ്ട്.
കഠിനാധ്വാനം കൊണ്ട് മാത്രം ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട രണ്ടുപേരുകള്‍. ടി ഗോപിയും, ഒ.പി ജെയ്ഷയും. ഈ മാസം 14ന് വൈകിട്ട് ആറിനാണ് ഒ.പി ജെയ്ഷ മത്സരത്തിനിറങ്ങുക. രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരം നല്‍കാന്‍ ജെയ്ഷക്കാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ കായികപ്രേമികള്‍. 21ന് വൈകിട്ട് ആറിനാണ് ഗോപി ട്രാക്കിലിറങ്ങുക. ഗോപിയിലൂടെയും വയനാട്ടുകാര്‍ സ്വപ്നം കാണുന്നത് മെഡലില്‍ കുറച്ചൊന്നുമല്ല.
നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിനപരിശീലനം ഒളിപിംക്‌സ് മെഡലെന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കുമെന്ന പ്രതീക്ഷയോടെയാണ് മാരത്തണ്‍ വിഭാഗത്തില്‍ ഇരുവരും മത്സരിക്കാനിറങ്ങുന്നത്. ജില്ലയില്‍ നിന്ന് ഒളിപിംക്‌സില്‍ പങ്കെടുക്കുന്ന ആദ്യ പുരുഷ കായികതാരമാണ് ഗോപിയെന്ന ഇരുപത്തേഴുകാരന്‍. ബത്തേരി മൂലങ്കാവ് സ്വദേശികളായ ബാബുവിന്റെയും തങ്കത്തിന്റെയും ഏക മകന്‍. കഴിഞ്ഞ ജനുവരിയില്‍ നടന്ന മുംബൈ മാരത്തണിലാണ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ സ്വപ്നയോട്ടം ഗോപി നടത്തിയത്.
ആര്‍മി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നടത്തിവന്നിരുന്ന ഈ പട്ടാളക്കാരന്‍ മുംബൈ മാരത്തണില്‍ ടീമിലെ അംഗങ്ങളെ വേഗ നിയന്ത്രണത്തില്‍ സഹായിക്കാന്‍ 'പേസ് മേക്കറാ'യാണ് ട്രാക്കിലിറങ്ങിയത്. ആകെ 42 കിലോമീറ്റര്‍ ദൂരത്തില്‍ 25 കിലോമീറ്റര്‍ ഓടി ടീമംഗങ്ങളെ വേഗനിയന്ത്രണത്തില്‍ സഹായിക്കുകയെന്നതായിരുന്നു കര്‍ത്തവ്യം. എന്നാല്‍ 25 കിലോമീറ്റര്‍ ഓടിയിട്ടും തളരാതെ ഗോപി 42 കിലോമീറ്ററും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തു. രണ്ടു മണിക്കൂര്‍ 16 മിനിറ്റ് 15 സെക്കന്റില്‍ മത്സരത്തില്‍ രണ്ടാമതെത്തിയ ഗോപിക്ക് ഒളിമ്പിക്‌സിലേക്കുള്ള വഴിയും തുറന്നു. കാക്കവയല്‍ സ്‌കൂളിലെ കായികാധ്യാപികയായ കെ.പി വിജയിയെന്ന ടീച്ചറമ്മയാണ് ഗോപിയിലെ കായികപ്രതിഭയെ കണ്ടെത്തിയത്.
ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച ഗോപിക്ക് കൃത്യമായി സ്‌കൂളിലെത്താനോ കായികപരിശീലനം നടത്താനോ സാധിച്ചിരുന്നില്ല. പരിശീലനം മുടങ്ങരുതെന്ന് തീര്‍ച്ചയാക്കിയ ടീച്ചറമ്മ ഗോപിയെ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ തന്റെ വീട്ടില്‍നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. പിന്നീട് ദീര്‍ഘദൂര ട്രാക്കിലേക്ക് മാറി. 10,000 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയ ഗോപി, പതിയെ ഇന്ത്യയുടെ മികച്ച മാരത്തണ്‍ താരമായി മാറുകയായിരുന്നു. 2009ല്‍ പഠനകാലത്തുതന്നെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പട്ടാളത്തില്‍ ജോലിയും ലഭിച്ചു. ഗുവാഹട്ടിയില്‍ നടന്ന സാഫ് ഗെയിംസില്‍ 10,000 മീറ്ററില്‍ പങ്കെടുത്ത ഗോപി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. ഒ.പി ജയ്ഷയുടെയും കഥ മറിച്ചല്ല. പട്ടിണിയെ വകഞ്ഞുമാറ്റിയ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചിറകിലേറിയാണ് റിയോ ഒളിംപിക്‌സില്‍ ജെയ്ഷ മെഡല്‍ വേട്ടക്കിറങ്ങുന്നത്. ആനപ്പാറ ഓര്‍ക്കാട്ടേരി പുതിയ വീട്ടീല്‍ ജയാലയം വേണുഗോപാല്‍-ശ്രീദേവി ദമ്പതികളുടെ നാല് പെണ്‍മക്കളില്‍ ഇളയകുട്ടിയാണ് ജെയ്ഷ. ജെയ്ഷയുടെ കായിക ജീവിതത്തില്‍ വഴിത്തിരിവായത് 1998ല്‍ നടന്ന പഞ്ചായത്ത് കേരളോത്സവം സഹോദരിയുമൊത്ത് കാണാന്‍ പോയതാണ്. അന്നവിടെ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു കായികതാരം മാത്രമാണുണ്ടായത്. സ്‌കൂളിലെ കായികാധ്യാപകനായ പി.ജി ഗിരീഷ് നിര്‍ബന്ധിച്ചാണ് ജയ്ഷയെ ട്രാക്കിലിറക്കിയത്. അവിടന്നങ്ങോട്ട് ട്രാക്കില്‍ ജയ്ഷയുടെ ദിനങ്ങളായിരുന്നു.
2006 മുതല്‍ 2016 വരെ 75 മെഡലുകളാണ് ട്രാക്കില്‍ നിന്ന് ജയ്ഷ വാരിക്കൂട്ടിയത്. കായികരംഗത്തെ ജയ്ഷയുടെ കുതിപ്പുകള്‍ക്ക് പ്രചോദനമായി ഭര്‍ത്താവ് ഗുര്‍മീത്ത് സിംഗ് കൂടെയുണ്ട്. ഒളിപിംക്‌സിനുശേഷം ട്രാക്ക് വിടാന്‍ ആലോചിക്കുന്ന ഈ ഓട്ടക്കാരി റിയോവിലെ പ്രകടനത്തിലൂടെ രാജ്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്‌സുകള്‍ക്കുള്ള യോഗ്യത തലനാരിഴക്കാണ് ജെയ്ഷക്ക് നഷ്ടപ്പെട്ടത്.
അതിനുള്ള പ്രായശ്ചിത്വം കാണാന്‍ കൂടിയാകും 14ന് ജെയ്ഷ ട്രാക്കിലിറങ്ങുക. ഇന്ന് ബംഗളുരുവില്‍ നിന്ന് ഗോപി റിയോയിലേക്ക് പറക്കും. തിങ്കളാഴ്ചയാണ് ജെയ്ഷ റിയോയിലേക്ക് പോകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."