ശബരിമലയിലേക്ക് ബി.ജെ.പി ദേശീയ നേതാക്കള്‍; അല്‍ഫോണ്‍സ് കണ്ണന്താനം എത്തി
തിരുവനന്തപുരം: ശബരിമലയിലേക്കു പോകുന്ന സംസ്ഥാന നേതാക്കളെയെല്ലാം തടയുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി മറികടക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കളെ ഇറക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയില്‍ എത്തി. പമ്പയിലെത്തി മടങ്ങുമെന്നായിരുന്നു നേരത്തെയുള്ള വിവരമെങ്കിലും സന്നിധാനത്തേക്ക് പോകുമെന്ന് കണ്ണന്താനം നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ബി.ജെ.പി കൊണ്ടുവരുന്നത്.
ശബരിമല സമരം ദക്ഷിണേന്ത്യയിലാകെ വ്യാപിപ്പിക്കുന്നതിനുള്ള സംഘ്പരിവാര്‍ തീരുമാനം കൂടിയാണ് ഇതിലൂടെ നടപ്പാക്കുന്നത്. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് പുതിയ തലവേദനയാകും. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ എത്തിയാല്‍ എങ്ങനെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുമെന്ന കാര്യം സര്‍ക്കാരിന് മറ്റൊരു പരീക്ഷണമാകാനാണ് സാധ്യത.
ശബരിമല വിവാദം മുതലാക്കി ദക്ഷിണേന്ത്യയില്‍ ശക്തി വര്‍ധിപ്പിക്കാന്‍ മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ആര്‍.എസ്.എസ് ദക്ഷിണേന്ത്യന്‍ ബൈഠക് തീരുമാനിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ദേശീയ നേതാക്കളെ ശബരിമലയിലേക്കു കൊണ്ടുവരുന്നത്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല വിഷയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമാവധി പ്രചാരണ ആയുധമാക്കാനുള്ള ഉദ്ദേശ്യവും ബി.ജെ.പിക്കുണ്ട്.
സുപ്രിംകോടതി ഉത്തരവ് വന്നതിനു ശേഷം ശബരിമല നട തുറന്ന രണ്ട് തവണയും സംഘ്പരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും സന്നിധാനത്തും പരിസരത്തും നിയന്ത്രണം ഏറ്റെടുക്കുന്ന സ്ഥിതിയാണ് കണ്ടത്. ഇതില്‍ നിന്നുള്ള പാഠം മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ശക്തമായ സംവിധാനമൊരുക്കാന്‍ പൊലിസിനെ പ്രേരിപ്പിച്ചു. ഇതോടെ സംഘ്പരിവാറിന്റെ ഒരു നേതാവിനു പോലും സന്നിധാനത്തും പരിസരത്തും നിലയുറപ്പിക്കാനാകാത്ത അവസ്ഥയുണ്ടായി. ഇതെല്ലാം ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിനായി പ്രയോജനപ്പെടുത്തുന്ന സംഘ്പരിവാര്‍ സംഘടനകള്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."