ഹൗസ്‌ബോട്ട് മാലിന്യം സംസ്‌ക്കരിക്കാന്‍ ഇനി മൊബൈല്‍ മാലിന്യസംസ്‌ക്കരണ പ്ലാന്റ്
ആലപ്പുഴ: ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മാലിന്യം സംസ്‌ക്കരിക്കുന്നതിനായി പള്ളാത്തുരുത്തിയില്‍ മൊബൈല്‍ മാലിന്യസംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടി. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജില്ലാ പോര്‍ട്ട് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കുമരകത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മാലിന്യസംസ്‌ക്കരണ പ്ലാന്റ് സംവിധാനമാണ് സ്ഥാപിക്കുക. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഹൗസ് ബോട്ട് മാലിന്യം സംസ്‌ക്കരിക്കാന്‍ പ്രതിരോധ വകുപ്പിന്റെ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച നാലു സീറോ വേസ്റ്റ് യൂണിറ്റുകള്‍ കേന്ദ്രസഹായത്തോടെ സ്ഥാപിക്കുന്നതിന് അനുമതിയായിട്ടുണ്ടെന്നും പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.ആലപ്പുഴ കനാലിന്റെ ആഴം കൂട്ടല്‍ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ആഴം കൂട്ടല്‍ പൂര്‍ത്തിയാലുടന്‍ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ദേശീയപാതയിലെ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ക്യാമറ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രതിനിധി പി. അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു. അമ്പലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. റോഡ് സുരക്ഷാസമിതി പരിഗണിച്ച് കാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
മാമ്പുഴക്കരിഎടത്വ, കിടങ്ങറനീരേറ്റുപുറം റോഡുകള്‍ നന്നാക്കാന്‍ നടപടി വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. ട്രോളിങ് നിരോധന കാലയളവിലും കിഴക്കന്‍ വെള്ളം വരുന്ന സമയത്തും കായലില്‍ മത്സ്യബന്ധനം നിരോധിക്കണമെന്നും കൊതുകു നിയന്ത്രണത്തിന് തവളകളെ വളര്‍ത്തി തുറന്നുവിടാനുള്ള സൗകര്യമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എല്‍.എ, എം.പി. ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എം.പി. ഫണ്ടുപയോഗിച്ച് ഗൈനക്കോളജി വാര്‍ഡ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും നിലവില്‍ മുടങ്ങിയ അവസ്ഥയിലാണെന്നും നടപടി സ്വീകരിക്കണമെന്നും ചേര്‍ത്തല നഗരസഭാധ്യക്ഷന്‍ ഐസക് മാടവന ആവശ്യപ്പെട്ടു. വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."