HOME
DETAILS

നന്മ നിറയട്ടെ ഓരോ മനസിലും

  
backup
June 24 2017 | 19:06 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8b-%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81

കഴിഞ്ഞദിവസം 'അനുഭവം' എന്ന തലക്കെട്ടോടെ വാട്‌സ്ആപ്പില്‍ ഒരു സന്ദേശം ലഭിച്ചു. അതിലെ വാചകങ്ങള്‍ ഇങ്ങനെയാണ്:
'ഇന്നു വൈകുന്നേരം മണ്ണാര്‍ക്കാട്ടുവച്ചു നോമ്പുതുറക്കാനുള്ള സമയമായപ്പോള്‍ ഞാന്‍ വേഗം അടുത്തുകണ്ട കടയില്‍ കയറി ലൈം ചോദിച്ചു. നോമ്പു തുറക്കാനാണോയെന്നു കടക്കാരന്റെ ചോദ്യം. അതേയെന്നു പറഞ്ഞു. ഉടനെ അദ്ദേഹം ഒരു പ്ലേറ്റില്‍ മാങ്ങ, ആപ്പിള്‍ കഷണങ്ങളും ഒരു ഗ്ലാസ് ജ്യൂസും തന്നു.
നോമ്പു തുറന്നു പൈസയെത്രയായെന്നു ചോദിച്ചപ്പോള്‍ കടക്കാരന്‍ ഇങ്ങനെ പറഞ്ഞു: ''ഇന്നത്തെ നോമ്പുതുറ എന്റെ വക. പ്രാര്‍ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക.''
ഒന്നു പുഞ്ചിരിച്ചു തിരിച്ചു നടക്കാന്‍ തുനിഞ്ഞപ്പോള്‍ ആ ബോര്‍ഡ് എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'ഗുരുവായൂരപ്പന്‍ ഈ കടയുടെ ഐശ്വര്യം.'
ഈയൊരു കുറിപ്പിന്റെ ആധികാരികതയെക്കുറിച്ചു വ്യക്തതയില്ല. സൈഫുദ്ദീന്‍ എന്നയാളുടെ പേരിലുള്ള സന്ദേശം കൈമാറിക്കിട്ടിയതാണ്. എങ്കിലും അതു വായിച്ചപ്പോള്‍ നമ്മുടെ നാടു മുഴുവന്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി. അപരന്റെ ആചാരവും വിശ്വാസവും സന്തോഷത്തോടെ അംഗീകരിക്കുകയും അതിനു തന്നാലാകുന്ന സഹായം ചെയ്യുകയുമെന്ന ഹൃദയഹാരിയായ അന്തരീക്ഷമാണ് നാട്ടിലെങ്ങുമുള്ളതെങ്കിലല്ലേ ഇതിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയാനാകൂ.
വാട്‌സ്ആപ്പ് സന്ദേശത്തിലെ ഈ അനുഭവം സത്യമാണെങ്കില്‍ കേരളത്തിനു പ്രതീക്ഷയ്ക്കു വകയുണ്ട്. പരസ്പരസ്പര്‍ധയും പകയും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മയുടെ കൈത്തിരികള്‍ പലയിടങ്ങളിലും കെടാതെ നില്‍പ്പുണ്ട് എന്നത് സന്തോഷം തരുന്ന കാര്യം തന്നെ. സ്വന്തം വിശ്വാസത്തിലും ആചാരരീതികളിലും ഉറച്ചുനില്‍ക്കുമ്പോഴും അന്യനോടു സാഹോദര്യത്തോടെ പെരുമാറുന്നവനാണ് യഥാര്‍ഥമനുഷ്യന്‍.
ഒരു മാസക്കാലത്തെ വിശുദ്ധമായ രാപ്പകലുകള്‍ സമ്മാനിച്ചുകൊണ്ടു പുണ്യമാസം വിടപറയുമ്പോള്‍ നാം പ്രതിജ്ഞാബദ്ധരാകേണ്ടത് നന്മയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഊഷ്മളമായ കാലം തിരിച്ചുകൊണ്ടുവരും എന്നതിലായിരിക്കണം. പരിശുദ്ധ റമദാനില്‍ നേടിയെടുത്ത ആത്മസംസ്‌കരണം എന്നും വാക്കിലും നോക്കിലും പ്രവൃത്തിയിലും നിറയേണ്ടതുണ്ട്. അതു മറ്റുള്ളവരിലേയ്ക്കു കൂടി സന്നിവേശിപ്പിക്കേണ്ടതുണ്ട്. അപ്പോഴേ റമദാനിന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടൂ.
റമദാനിന്റെയും ഈദുല്‍ ഫിത്വറിന്റെയും വിശുദ്ധസന്ദേശം മുസ്‌ലിംകള്‍ക്കു മാത്രമായുള്ളതല്ല. സമസ്തലോകത്തിനും കാരുണ്യമായാണത് പരമകാരുണികന്‍ തന്റെ സന്ദേശവാഹകനെ അയച്ചിട്ടുള്ളത്. സ്വാര്‍ത്ഥത തൊട്ടുതീണ്ടാത്ത സാഹോദര്യം, ജീവകാരുണ്യം, അനാചാരങ്ങളോടുള്ള വിപ്രതിപത്തി, അന്ധവിശ്വാസങ്ങളില്‍നിന്നുള്ള മോചനം, തുല്യനീതി, സൗഹാര്‍ദം ഇവയാണ് ഇസ്‌ലാമിന്റെ ഭൗതികമായ അടിസ്ഥാനപ്രമാണങ്ങള്‍.
ഇസ്‌ലാമിന് ആദ്യമായി വേരോട്ടം കിട്ടിയ യസ്‌രിബിന്റെ പാഠം സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമാണ്. പ്രവാചകന്റെ ജന്മനാടായ മക്കയും ത്വായിഫ് പോലുള്ള അയല്‍ദേശങ്ങളുമെല്ലാം ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും മുസ്‌ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുയും ചെയ്ത കാലത്ത് പ്രവാചകനും അനുയായികള്‍ക്കും ഊഷ്മളസ്വീകരണം നല്‍കിയവരാണു യസ്‌രിബുകാര്‍.
ഏകദൈവവിശ്വാസത്തിന്റെയും മാനവികനന്മയുടെയും സന്ദേശവുമായി തങ്ങള്‍ക്കിടയിലെത്തിയ മുസ്‌ലിംകളെ അവര്‍ ഏകോദരസഹോദരങ്ങളെപ്പോലെ വരവേറ്റു. തങ്ങള്‍ക്കുള്ളതെല്ലാം പങ്കുവയ്ക്കാന്‍ അവര്‍ തയാറായി. എങ്കിലും അവരെ ചൂഷണം ചെയ്യാന്‍ മക്കയില്‍നിന്നു വന്ന മുസ്‌ലിംകള്‍ തയാറായില്ല. അന്‍സാരികള്‍ക്കൊപ്പം മുഹാജിറുകളും അധ്വാനിച്ചു പുതിയൊരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു. പ്രവാചക സന്ദേശത്തിന്റെ നന്മ ഉള്‍ക്കൊണ്ട ആ നാട് അങ്ങനെ പ്രവാചകന്റെ നഗരം (മദീനത്തുര്‍ റസൂല്‍) എന്ന മഹനീയമായ പേരില്‍ അറിയപ്പെട്ടു.
അക്രമവും കുടിപ്പകയും മാത്രം കണ്ടുവളര്‍ന്ന അറേബ്യന്‍ സംസ്‌കാരത്തിന് അതൊരു പുതിയ പാഠമായിരുന്നു. ഈ സാഹോദര്യത്തിന്റെ മാതൃക കണ്ടാണ് അക്രമത്തിന്റെയും പകയുടെയും പാത കൈവിട്ടു നന്മയുടെ പുതുസന്ദേശം ഉള്‍ക്കൊള്ളാന്‍ അറബികള്‍ ക്രമേണ തയാറായത്.
യസ്‌രിബ് കാണിച്ചു തന്ന ആ സാഹോദര്യത്തിന്റെ പാഠമാണ് റമദാനു വിടനല്‍കുമ്പോള്‍ കേരളീയരുടെയെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കേണ്ടത്. കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല, ലോകത്തെങ്ങുമുള്ള രാഷ്ട്രീയ, സാമൂഹിക കാലാവസ്ഥ ആവശ്യപ്പെടുന്നത് അത്തരമൊരു സാഹോദര്യവും സഹവര്‍ത്തിത്വവുമാണ്. കാരണം, അവിശ്വാസത്തിന്റെയും വിദ്വേഷത്തിന്റെയും കുടിപ്പകയുടെയും ചതിയുടെയും ചോരചിന്തലിന്റെയും പഞ്ചാഗ്നി മധ്യത്തിലാണിന്നു ലോകം. കൈയൂക്കും ആള്‍ബലവുമുള്ളവര്‍ കാര്യക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തു ചിന്തിക്കണം, എന്തു ഭക്ഷിക്കണം, എന്തു സംസാരിക്കണം, എന്തു ധരിക്കണം എന്നൊക്കെ ശക്തികേന്ദ്രങ്ങള്‍ ആജ്ഞാപിക്കുകയും അതു പാലിച്ചില്ലെങ്കില്‍ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണിന്ന്.
സാമുദായികസ്പര്‍ധയുടെ പേരില്‍ അനേകലക്ഷങ്ങളുടെ ചോരചിന്തിയ നാടാണിത്. ഇന്ത്യയുടെ വിഭജനകാലം തന്നെ ഉദാഹരണം. രാജ്യഹൃദയത്തിലൂടെ ബ്രിട്ടീഷുകാര്‍ വരച്ച അതിര്‍ത്തി ഇന്ത്യയിലെ പാവപ്പെട്ട ലക്ഷക്കണക്കിനു സഹോദരന്മാരുടെ ജീവനാണ് എടുത്തത്. അതിന്റെ തിക്തഫലമാണ് കശ്മിര്‍ പ്രശ്‌നമായി ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്നത്. നാം ദേശീയഗാനത്തില്‍ അഭിമാനത്തോടെ ആലപിക്കുന്ന പഞ്ചാബിലെയും സിന്ധിലെയും മഹാഭൂരിപക്ഷം പ്രദേശങ്ങളും ഇന്നു നമുക്കു ശത്രുപ്രദേശങ്ങളായിരിക്കുന്നു.
ലോകത്തിന്റെ മറ്റെല്ലാ കോണിലും സാമുദായിക കലാപങ്ങളുണ്ടായാലും പ്രബുദ്ധരായ ജനങ്ങള്‍ സഹവസിക്കുന്ന കേരളത്തിനെ അതൊന്നും ഏശില്ലെന്നു നാം അഭിമാനിച്ച കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെ അഭിമാനിക്കാന്‍ സാധ്യമല്ലാത്ത തരത്തിലേയ്ക്കാണു കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇവിടെയും മുളച്ചുപൊന്താന്‍ തുടങ്ങിയിരിക്കുന്നു.
നാം വീണ്ടുവിചാരത്തിനു തയാറായില്ലെങ്കില്‍ നശിക്കുന്നത് ഈ നാടു തന്നെയായിരിക്കും. മാതൃകയാക്കേണ്ടത് പകയുടെ സന്തതികളെയല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളെയാണ്. കിടങ്ങു നിര്‍മാണത്തിനിടയില്‍ തനിക്കു കിട്ടിയ ഭക്ഷണം എല്ലാവര്‍ക്കും വീതിച്ചു നല്‍കിയ പ്രവാചകന്റെ മാതൃക നമുക്കു മുന്നിലുണ്ട്. തങ്ങള്‍ക്കുള്ളതിന്റെ പാതി മുഹാജിറുകള്‍ക്കു വീതിച്ചു നല്‍കാന്‍ സന്മനസു കാണിച്ച യസ്‌രിബുകാരുടെ മാതൃകയും നമുക്കു മുന്നിലുണ്ട്. അന്യന്റെ വിശപ്പിന്റെ വിലയെന്തെന്നു ബോധ്യപ്പെടുത്തിത്തരുന്ന വ്രതാനുഷ്ഠാനവും മറ്റുള്ളവരെ സഹായിക്കുകയെന്ന മനോഭാവം വളര്‍ത്തുന്ന സക്കാത്തും മാതൃകയായുണ്ട്.
ഏറ്റവുമൊടുവില്‍, നേരത്തെ പറഞ്ഞ മണ്ണാര്‍ക്കാട്ടെ കട നടത്തിപ്പുകാരന്റെ മാതൃകയും നമ്മുടെ മുന്നിലുണ്ട്.
പുണ്യദിനത്തിനു വിടപറയുന്ന ഈ സുന്ദരമുഹൂര്‍ത്തത്തില്‍ നന്മനിറഞ്ഞ നാളെയ്ക്കായി പ്രാര്‍ഥിക്കുകയും അതിനായി മനസിനെ പാകപ്പെടുത്തുകയുമാണു ചെയ്യേണ്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago