കുഴല്‍ കിണറില്‍ നൂറടിയിലേറെ താഴ്ചയില്‍ രണ്ട് ദിവസം; രാജ്യമൊന്നാകെ രണ്ടുവയസ്സുകാരന്‍ സുജിത്തിനായി പ്രാര്‍ഥനയില്‍
ചെന്നൈ: കുഴല്‍ കിണറിനുള്ളില്‍ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുന്ന രണ്ട് വയസ്സുകാരന്‍ സുജിത്ത് വില്‍സണുവേണ്ടി രാജ്യമൊന്നാകെ പ്രാര്‍ഥനയില്‍. കുഴിയില്‍ അകപ്പെട്ട് 50 മണിക്കൂറോളം പിന്നിടുമ്പോഴും കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 26 അടി താഴ്ചയില്‍ കുരുങ്ങിക്കിടന്നെങ്കിലും സംഭവമറിഞ്ഞെത്തിയവര്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കയറും മറ്റും ഇട്ടുകൊടുത്ത സമയത്ത് വീണ്ടും 70 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും പാറ നിറഞ്ഞ പ്രദേശമായതിനാല്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുകയാണ്.
ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കുഴിയിലേക്ക് ഇറക്കിയിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ ഓരോ നിമിഷവും രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഒ.എന്‍.ജി.സി, നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍, ദുരന്തനിവാരണ സേന എന്നീ വിഭാഗങ്ങളിലെ വിദഗ്ധ സംഘം സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ദിപാവലി ദിവസം പ്രത്യേക പ്രാര്‍ഥനായണ് തമിഴ്‌നാട്ടിലാകെ സുജിത്തിനായി നടത്തിയത്. സുജിത്ത് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നതിന് പ്രാര്‍ഥിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മധുര ജില്ലയിലെ മധുര മീനാക്ഷി അമ്പലത്തിലും കുട്ടിക്കായി പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചു.
സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ അപകടം പതിവാക്കുകയാണെന്നും ഇത് കുറ്റകരമാക്കി മാറ്റണമെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും സിനിമാ താരവുമായ കമല്‍ ഹാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."