വിരുന്നു വന്ന നാഗശലഭം കുട്ടികള്‍ക്ക് കൗതുകമായി
എടച്ചേരി: ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ നാഗശലഭം വിരുന്നെത്തിയത് കുട്ടികള്‍ക്ക് കൗതുക കാഴ്ചയായി.
എടച്ചേരി പുതിയങ്ങാടിയിലെ താജ് മന്‍സില്‍ പാപ്പി എന്നറിയപ്പെടുന്ന മുഹമ്മദാണ് കൂട്ടുകാരായ ഫാസില്‍, മിര്‍സാദ് എന്നിവരോടൊത്ത് കളിക്കുമ്പോള്‍ അപൂര്‍വ ഇനത്തില്‍പെട്ട ശലഭത്തെ കണ്ടെത്തിയത്. വീട്ടുപറമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ ചിത്രശലഭത്തെ കണ്ട മുഹമ്മദ് അതിനെ പിടികൂടി. അതിമനോഹരമായ ചിറകുകളില്‍ സര്‍പ്പത്തിന്റെ രൂപം കാണപ്പെടുന്നതിനാലാണ് ഇതിനെ നാഗശലഭമെന്ന് വിളിക്കുന്നത്. ഈ ശലഭത്തിന് 20 സെന്റീമീറ്ററോളം നീളമുള്ള ചിറകുകളും ആനുപാതികമായ വലിപ്പവുമുണ്ട്. നിശാശലഭങ്ങളില്‍പെട്ട ഇതിന്റെ ശാസ്ത്രീയ നാമം അറ്റാക്കസ് ടാപ്രോ ബാനിസ് എന്നാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കോട്ടൂരിലും ഇതേ രീതിയിലുള്ള നാഗശലഭത്തെ കണ്ടെത്തിയ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചതിലൂടെയാണ് മുഹമ്മദ് ഈ ശലഭത്തെ തിരിച്ചറിഞ്ഞത്. തന്റെ വീട്ടിലെത്തിയ 'അതിഥി 'യെ കൂട്ടുകാരെയെല്ലാം വിളിച്ചു വരുത്തി കാണിച്ചു കൊടുത്തതിന് ശേഷം മുഹമ്മദ് പറത്തി വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."