പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ : അക്ഷയ ജീവനക്കാര്‍ക്ക് ശാസ്ത്രജ്ഞന്റെ ജാഗ്രതയുണ്ടാവണമെന്ന് ചെയര്‍മാന്‍
പാലക്കാട് : അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ശാസ്ത്രജ്ഞന്റെ ജാഗ്രതയും മികവും അച്ചടക്കവും ലക്ഷ്യബോധവുമുണ്ടാവണമെന്ന് പി.എസ്.സിചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളില്‍ അക്ഷയയിലെ ജീവനക്കാര്‍ക്കായി പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നല്‍കിയ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. പി.എസ്.സിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിശീലനം നടത്തിയത്. അപേക്ഷകന്റെ പ്രൊഫൈല്‍ സൃഷ്ടിക്കുമ്പോള്‍ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരന്റെ ശ്രദ്ധയൊന്നു തെറ്റിയാല്‍ ഒരു ജീവിതമാണ് ഇല്ലാതാവുന്നത്. പരീക്ഷയില്‍ മികവ് പുലര്‍ത്തിയാലും പ്രൊഫൈല്‍ അപ് ലോഡ് ചെയ്തത് ശരിയായ രീതിയിലല്ലെങ്കിലും പൂര്‍ണമല്ലെങ്കിലും അപേക്ഷ നിരസിക്കപ്പെടും. ഇക്കാര്യത്തില്‍ ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ മാത്രമേ പി.എസ്.സി.ക്ക് നിര്‍വാഹമുള്ളൂയെന്നും ചെയര്‍മാന്‍ പറഞ്ഞു. 2012 ജനുവരി ഒന്ന് മുതലാണ് കേരള പി.എസ്.സി . ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ( ഒ.റ്റി.ആര്‍) നടപ്പാക്കിയത്. ഇതുവരെ 40 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ സൃഷ്ടിക്കുന്ന സമയത്തുണ്ടാവുന്ന പിശകുകള്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള കാലതാമസത്തിന് കാരണമാവുന്നുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം പരാതികള്‍ ലഭിക്കുന്നത് മൂലം പി.എസ്.സി. വെരിഫിക്കേഷനും സമയമെടുക്കുന്നുണ്ട്. അതിനാല്‍ അപേക്ഷകരും അക്ഷയ ജീവനക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരും അപേക്ഷകനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ; പേരും ഇനീഷലും എസ്.എസ്.എല്‍.സി.ബുക്കില്‍ നിന്നും വ്യത്യസ്തമാവരുത്, ഫോട്ടോയുടെ സൈസ്, പശ്ചാത്തലം, ഫോട്ടോയില്‍ പേര് തീയതി രേഖപ്പെടുത്തല്‍ ഒപ്പ് എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം, പ്രൊഫൈല്‍ സൃഷ്ടിച്ചതിന് ശേഷം അപേക്ഷകന് പ്രിന്റെടുത്ത് നല്‍കണം. അപകാതകള്‍ തിരുത്തിയതിന് ശേഷം മാത്രം 'സബ്മിറ്റ്' ചെയ്യുക, അപേക്ഷിക്കാനുള്ള അവസാന തീയതിവരെ കാത്ത് നില്‍ക്കരുത്, സംവരണം, വെയ്‌റ്റെയ്ജ് മാര്‍ക്ക് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യത അപേക്ഷാ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് നേടിയിരിക്കണം. ശാരീരിക വെല്ലുവിളി നേടുന്നവര്‍ക്ക് റൊട്ടേഷന്‍ വ്യവസ്ഥയില്‍ അര്‍ഹത നേടണമെങ്കില്‍ ബ്ലൈന്‍ഡ്, ഡെഫ്-ഡംബ്, ഓര്‍ത്തോ എന്നിങ്ങനെ വ്യക്തമായി രേഖപ്പെടുത്തണം. പ്രൊഫൈലില്‍ തിരുത്തല്‍ വരുത്തുന്നതിന് അക്ഷയ ജില്ലാ ഓഫീസില്‍ സംവിധാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."