ജൈവവൈവിധ്യ മാനെജ്‌മെന്റ് കമ്മിറ്റി ശാക്തീകരണം: അംഗങ്ങള്‍ക്ക് ശില്‍പശാല ജൂണ്‍ 27,28ന്
പാലക്കാട്: ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികളെ സാങ്കേതികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനും ജൈവ വൈവിധ്യ ആക്റ്റിന്റെ നിര്‍വഹണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ബയോ ഡൈവേസിറ്റി മാനെജ്‌മെന്റ് കമ്മിറ്റി (ബി.എം.സി) ശാക്തീകരണ ശില്പശാല ജൂണ്‍ 27, 28 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും.
രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെ നടക്കുന്ന പരിപാടിയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബി.എം.സി.അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ഡോ: ഉമ ജെ വിനോദ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ.(ഡോ:) ഉമ്മന്‍.വി.ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് രാവിലെ 10.20ന് 'ജൈവ വൈവിധ്യ സംരക്ഷണ നിയമങ്ങള്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ അടിസ്ഥാനമായുള്ള കര്‍മപദ്ധതികള്‍' വിഷയത്തിലും 11ന് 'ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം' വിഷയത്തിലും 11.30ന് ' പ്രാദേശിക പദ്ധതിരൂപവത്കരണത്തിലും നിര്‍വഹണത്തിലും ജൈവവൈവിധ്യപരിപാലന സമിതികളുടെ പങ്ക്' . 12ന് ' ഇതര പദ്ധതികള്‍ വകുപ്പുകള്‍ എന്നിവയുമായുള്ള സംയോജനം ' വിഷയത്തിലും ശില്പശാല നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് മാതൃക ബി.എം.സി.കള്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."