ഹര്‍ത്താല്‍; കലോത്സവത്തിന് വരുത്തിയത് വന്‍ സാമ്പത്തിക ബാധ്യത
തോമാട്ടുച്ചാല്‍: ശനിയാഴ്ച ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഏറ്റവും അധികം തിരിച്ചടിയായത് തോമാട്ടുചാലില്‍ നടന്നുവരുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്. സംഘാടക സമിതിക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഹര്‍ത്താല്‍ വരുത്തിവച്ചത്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന മുഴുവന്‍ മത്സരങ്ങളും രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് നടക്കുക.
നേരത്തെ കണക്കാക്കിയിരുന്ന തുകക്ക് പുറമെ ഒന്നര ലക്ഷം രൂപയാണ് ഇനി സംഘാടകര്‍ അധികമായി കണ്ടെത്തേണ്ടത്. ഇത് മേളയുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മൂവായിരത്തോളം കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ ശേഷമാണ് ഹര്‍ത്താല്‍ പ്രഖ്യാപനം ഉണ്ടായത്. ഇത്രയും ഭക്ഷണം ഉപേക്ഷിക്കേണ്ട സാഹചര്യവുമുണ്ടായി. വിധികര്‍ത്താക്കള്‍ക്ക് രണ്ട് ദിവസം കൂടി താമസ സൗകര്യം ഒരുക്കേണ്ടി വന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട്സിനും രണ്ട് ദിവസത്തെ വാടക അധികമായി നല്‍കേണ്ടി വരും. സര്‍ക്കാരില്‍ നിന്നും അധികം ആവശ്യമായി വരുന്ന ചെലവിലേക്ക് തുക ലഭിക്കില്ലെന്നതും സംഘാടകര്‍ക്ക് തിരിച്ചടിയായി. അതേസമയം, ഇന്നലെ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി 10,000 രൂപ നല്‍കാമെന്ന് അറിയിച്ചു. സി.കെ ശശീന്ദ്രന് എം.എല്‍.എ രണ്ട് ക്വിന്റല്‍ അരിയും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി രണ്ട് ചാക്ക് അരിയും നല്‍കാമെന്ന് യോഗത്തെ അറിയിച്ചിട്ടുണ്ട്. എങ്കിലും ഒന്നര ലക്ഷം രൂപ കൂടി സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍. അമ്പലവയല്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തുക സമാഹരിക്കാനുള്ള ഒരുക്കത്തലാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."