ചേകാടി ജലസേചന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്
പുല്‍പ്പള്ളി: ചേകാടി പാടശേഖരത്തില്‍ വെള്ളമെത്തിക്കുന്നതിനു ആവിഷ്‌കരിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനു അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു പാടശേഖര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്നു ഭാഗം വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടതാണ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട ചേകാടി. ഗ്രാമവാസികളില്‍ 90 ശതമാനവും ആദിവാസികളാണ്.
ഉപജീവനത്തിനു നെല്‍കൃഷിയെ ആശ്രയിക്കുന്നവരാണ് ഗ്രാമീണരില്‍ ഭൂരിപക്ഷവും. ചേകാടി പാടത്ത് ജലസേചനസൗകര്യം ഒരുക്കുന്നതിനു 2011-12ല്‍ 1.6 കോടി രൂപ അടങ്കലില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പ്രവൃത്തിയാണ് ഇനിയും പൂര്‍ത്തിയാകാത്തത്. പദ്ധതി 2014ല്‍ കമ്മിഷന്‍ ചെയ്യുമെന്നാണ് ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നത്. 2016ല്‍ വരള്‍ച്ചയുണ്ടായപ്പോള്‍ സബ് കലക്ടര്‍ ഇടപ്പെട്ടാണ് ചേകാടി പാടത്ത് കബനി ജലം എത്തിക്കാന്‍ 10 എച്ച്.പിയുടെ മോട്ടോര്‍ നല്‍കിയത്.
2017ല്‍ വരള്‍ച്ചയുണ്ടായപ്പോള്‍ നാട്ടുകാര്‍ മൈനര്‍ ഇറിഗേഷന്‍ ഓഫിസിനു മുന്നില്‍ സമരം നടത്തി. ഇതേത്തുടര്‍ന്നു ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി 2017 ഡിസംബറിനകം കമ്മിഷന്‍ ചെയ്യുമെന്നു മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുന്നതു നീട്ടിക്കൊണ്ടുപോകുകയാണുണ്ടായത്. ജലസേചന സൗകര്യം ലഭ്യമായാല്‍ വേനലില്‍ നെല്‍കൃഷിയും പച്ചക്കറി കൃഷിയും നടത്താന്‍ കഴിയും. പദ്ധതി കമ്മിഷന്‍ ചെയ്യുന്നതു ഇനിയും വൈകിപ്പിച്ചാല്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രേമവല്ലി കവിക്കല്‍, എ.എന്‍ വിശ്വനാഥന്‍, കെ.എന്‍ അജയകുമാര്‍, കെ.ആര്‍ ദിനേശന്‍, കെ.എന്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."