HOME
DETAILS

നമ്മള്‍ രണ്ടു തവണ കൊല്ലാന്‍ ശ്രമിച്ച ഒരാള്‍

  
backup
October 27 2019 | 19:10 PM

delhi-notes-about-ifthikar-gheelanis-death-28-10-2019

 

 


കള്ളക്കേസില്‍ ആറുമാസം തിഹാര്‍ ജയിലില്‍ കഴിയേണ്ടിവന്ന കശ്മിരി മാധ്യമപ്രവര്‍ത്തകന്‍ ഇഫ്തിഗാര്‍ ഗീലാനി ജയിലനുഭവങ്ങളെഴുതിയ 'മൈ ഡേയ്‌സ് ഇന്‍ പ്രിസണ്‍' എന്ന പുസ്തകത്തില്‍ ജയിലില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം തന്നെ സഹതടവുകാര്‍ ക്രൂരമായ മര്‍ദനത്തിനു വിധേയമാക്കിയതിനെക്കുറിച്ച് പറയുന്നുണ്ട്. താനാണ് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു പലരും ആക്രമിച്ചിരുന്നതെന്നും ഗീലാനി എഴുതുന്നു. അങ്ങനെയെങ്കില്‍ അബ്ദുര്‍റഹ്മാന്‍ ഗീലാനിക്ക് എത്രമാത്രം പീഡനങ്ങളേല്‍ക്കേണ്ടി വന്നിരിക്കണം.
അബ്ദുര്‍റഹ്മാന്‍ ഗീലാനി അറസ്റ്റിലായി ഒരാഴ്ചയ്ക്കു ശേഷം ഡല്‍ഹി സ്‌പെഷല്‍ സെല്‍ പൊലിസിന്റെ ചോദ്യംചെയ്യല്‍കേന്ദ്രത്തില്‍ ഗീലാനിയെ കണ്ടതിനെ കുറിച്ച് സഹോദരന്‍ ബിസ്മില്ല മാധ്യമപ്രവര്‍ത്തകനായ ബഷാറത്ത് പീറിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇരുമ്പുകൂട് പോലുള്ള മുറിക്കുള്ളില്‍ തളര്‍ന്നിരിക്കുകയായിരുന്നു ഗീലാനി. ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍. ഒരാഴ്ചയായി ഭക്ഷണമൊന്നുമില്ല. ബിസ്മില്ല അല്‍പം ഭക്ഷണം കൊണ്ടുവന്നു. എന്നാല്‍ അതു കഴിക്കാന്‍ ഗീലാനിക്ക് വാ തുറക്കാന്‍ പോലും സാധിച്ചില്ല. അത്രമാത്രം പീഡിതമായിരുന്നു ആ ശരീരം. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും കാണുമ്പോള്‍ ജയിലില്‍ ഏകാന്ത തടവിലായിരുന്നു ഗീലാനി.
2012ലെ ഉഷ്ണകാലത്തിന്റെ അവസാനത്തില്‍ ജാമിഅ നഗറിലെ ഗീലാനിയുടെ വീട്ടില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഗീലാനിയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. 'ആദ്യഘട്ടത്തിലായിരുന്നു മര്‍ദനങ്ങള്‍. പിന്നെ തന്നെ മാനസികമായി തളര്‍ത്താനായിരുന്നു അവര്‍ ശ്രമിച്ചത്. തളരാതിരിക്കാന്‍ ഞാനും ശ്രമിച്ചു'-ഗീലാനി പറഞ്ഞു. എന്നാല്‍ അടുത്തറിയുന്ന നിരവധി സുഹൃത്തുക്കളെ തളര്‍ത്തിക്കൊണ്ടായിരുന്നു ഗീലാനിയുടെ പൊടുന്നനെയുള്ള വിടവാങ്ങല്‍. ഗീലാനിക്കും അഫ്‌സല്‍ ഗുരുവിനുമൊപ്പം പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷൗക്കത്ത് ഹുസൈന്‍ ഗുരു ശിക്ഷാകാലാവധി കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിനു ശേഷം മാധ്യമങ്ങള്‍ അയാളെ തേടി നടന്ന നാള്‍ ഗീലാനിയെ വിളിച്ചു. ഷൗക്കത്ത് എവിടെയാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഗീലാനി പറഞ്ഞു: 'ഷൗക്കത്ത് എനിക്കൊപ്പമുണ്ട്. ഡല്‍ഹിയില്‍ അയാള്‍ക്കു പോകാന്‍ മറ്റൊരിടമില്ല. ക്ഷീണിതനാണ്. നാളെ കശ്മിരിലേക്ക് മടങ്ങും. തല്‍ക്കാലം ഇതാരോടും പറയാതിരിക്കൂ. ഷൗക്കത്തിനു മാധ്യമങ്ങളെ കാണാന്‍ താല്‍പര്യമില്ല'.
ഗീലാനിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെക്കുറിച്ച് ബഷാറത്ത് പീര്‍ തന്റെ പുസ്തകമായ 'കര്‍ഫ്യൂഡ് നൈറ്റി'ല്‍ പറയുന്നു. 'വധശിക്ഷ വിധിച്ചപ്പോള്‍ താന്‍ ഗീലാനിയുടെ മുഖത്തേക്ക് നോക്കി. സൗമ്യഭാവത്തോടെ നിന്നിരുന്നു. ഗീലാനി തുടര്‍ന്നും അങ്ങനെത്തന്നെ നിന്നു. ഒരു മാറ്റംപോലും മുഖത്തുണ്ടായില്ല. കണ്ണുകളില്‍നിന്ന് ഒരു ഭാവംപോലും വായിച്ചെടുക്കാന്‍ സാധിച്ചില്ല. ഗീലാനി നിരപരാധിയാണെന്ന് കോടതിയിലുണ്ടായിരുന്ന അയാളുടെ സുഹൃത്തുക്കള്‍ക്ക് ഉറച്ചു വിശ്വസിക്കാന്‍ അതുമാത്രം മതിയാകുമായിരുന്നു'വെന്നും ബഷാറത്ത് എഴുതി. തൂക്കിക്കൊല്ലാന്‍ വിധിക്കല്‍ ഹോബിയായി കണ്ടിരുന്നതിന്റെ പേരില്‍ ഹാങ്ങിങ് ജഡ്ജ് എന്ന് ഇരട്ടപ്പേരുണ്ടായിരുന്ന ശിവനാരായണന്‍ ദിന്‍ഗ്രയെയായിരുന്നു പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. എന്നാല്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗീലാനിക്കെതിരേ ഒരു തെളിവും പൊലിസിന്റെ പക്കലുണ്ടായിരുന്നില്ല. പൊലിസ് ആരോപിച്ച ഒരേയൊരു കാര്യം, ആക്രമണം നടന്നതിന്റെ പിറ്റേന്ന് ഗീലാനി കശ്മിരിലുള്ള സഹോദരനുമായി കശ്മിരിയിലും ഇംഗ്ലീഷിലും ടെലഫോണില്‍ സംസാരിച്ചതായിരുന്നു.
അതിന്റെ പൊലിസ് പരിഭാഷ ഇങ്ങനെയാണ്: സഹോദരന്‍: എന്താണ് ഡല്‍ഹിയില്‍ സംഭവിച്ചത് ?. ഗീലാനി: അത് അനിവാര്യമായിരുന്നു. എന്നാല്‍ തെറ്റായ പരിഭാഷയായിരുന്നു ഇത്. പൊലിസ് പരിഭാഷകനായി കൊണ്ടുവന്നത് വിദ്യാഭ്യാസമില്ലാത്ത റാഷിദ് അലിയെന്ന കശ്മിരി പഴക്കച്ചവടക്കാരനെയാണ്. 'യെ ക്യാ കൊറുവ' എന്നായിരുന്നു ചോദിച്ചത്. കശ്മിരി ഭാഷയില്‍ അതിനര്‍ഥം എന്താണു സംഭവിച്ചത് എന്നായിരുന്നില്ല. 'എന്താണ് വേണ്ടത് ' എന്നായിരുന്നു. കശ്മിരി പണ്ഡിറ്റും ട്രേഡ് യൂനിയന്‍ നേതാവുമായ സമ്പത്ത് പ്രകാശ്, സിനിമാ പ്രവര്‍ത്തകനായ സഞ്ജയ് കാക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി യഥാര്‍ഥ പരിഭാഷ നല്‍കി. ഇംഗ്ലീഷ് പരിഭാഷപ്പെടുത്തിയ പൊലിസുകാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിയില്ലെന്നും ഹിന്ദി മാത്രമാണ് അറിയുകയെന്നും കോടതിയില്‍ ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. ഗീലാനിക്കെതിരേ തെളിവൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗീലാനിയെ വെറുതെ വിടാന്‍ പോകുന്നുവെന്ന് എല്ലാവരും കരുതി. എന്നാല്‍ ഗീലാനിയെ തൂക്കിക്കൊല്ലാനായിരുന്നു ദിന്‍ഗ്രയുടെ വിചിത്ര വിധി.
വിധി പറയുന്ന അന്ന് ഗീലാനിയെ കൊണ്ടുവന്ന പൊലിസുകാര്‍ പതിവിനു വിപരീതമായി സൂട്ട് ഉള്‍പ്പെടെയുള്ള ഭംഗിയുള്ള വസ്ത്രം ധരിച്ചിരുന്നുവെന്ന് അന്ന് തെഹല്‍ക്കക്ക് വേണ്ടി കോടതി റിപ്പോര്‍ട്ട് ചെയ്ത ബഷാറത്ത് പീര്‍ എഴുതുന്നുണ്ട്. എന്താണു വിധിയെന്ന് പൊലിസിനു നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങളില്‍ കോടതിയില്‍നിന്ന് കൊണ്ടുവരുന്ന പ്രതികള്‍ക്കൊപ്പമുള്ള അവരുടെ ദൃശ്യങ്ങള്‍ വരാനുള്ളതാണെന്നും അതിനാല്‍ നന്നായി വസ്ത്രം ധരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നുവെന്നും ബഷാറത്ത് എഴുതി. ഗീലാനിക്കെതിരായ വിധി എത്രത്തോളം വലിയ ഗൂഢാലോചനയായിരുന്നുവെന്ന് കേസിലെ ഹൈക്കോടതി വിധി വായിച്ചാല്‍ ബോധ്യമാകും. തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ പൊലിസ് സൃഷ്ടിച്ചതാണെന്നും കോടതി വിധിയിലുണ്ട്. ഗീലാനിയെ ഹൈക്കോടതി നിരപരാധിയെന്നുകണ്ട് വെറുതെ വിട്ടു. സുപ്രിംകോടതിയും ഈ വിധി ശരിവച്ചു. കേസ് നടക്കുന്നതിനിടെ ഗീലാനിയെ അഭിഭാഷക നന്ദിതാ ഹക്‌സറിന്റെ വീടിനു മുന്നില്‍വച്ച് കൊല്ലാന്‍ ശ്രമിച്ചു. നെഞ്ചില്‍ അഞ്ചു വെടിയുണ്ടയേറ്റിട്ടും ഗീലാനി രക്ഷപ്പെട്ടു. തന്നെ കൊല്ലാന്‍ ശ്രമിച്ചത് ഡല്‍ഹി പൊലിസ് തന്നെയായിരുന്നുവെന്ന് ഗീലാനി പറയുകയും ചെയ്തു.
കശ്മിരിലെ സായുധപോരാട്ടം തുടങ്ങുന്നതിന് ഏറെക്കാലം മുന്‍പ് കശ്മിര്‍ വിട്ടതാണ് ഗീലാനി. ഇന്ത്യയുടെ പല ഭാഗങ്ങളിലായി പഠനത്തിലായിരുന്നു അദ്ദേഹം. കശ്മിരില്‍ ജീവിച്ചതിനെക്കാള്‍ തന്റെ നല്ല കാലം ചെലവഴിച്ചത് ഡല്‍ഹിയിലും മറ്റുമാണ്. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസ് വരെ ആരാലും അറിയപ്പെടാത്ത ഡല്‍ഹിയിലെ ഒരു സാധാരണ പ്രൊഫസറായിരുന്നു. എന്നാല്‍ കേസും ജയിലുമെല്ലാം ഗീലാനിയെ മാറ്റി. ഡല്‍ഹിയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായി ഗീലാനി മാറി. സൗമ്യനും നിലപാടുകളില്‍ സത്യസന്ധനുമായിരുന്നു ഗിലാനി. ജയില്‍ മോചിതനായ ശേഷം വെറുതെ നിന്നില്ല. തനിക്കൊപ്പം ജയിലിലായവരും നിരപരാധികളാണെന്നു സ്ഥാപിക്കാനുള്ള ശ്രമം തുടര്‍ന്നു.
അതിനിടെയാണ് കള്ളക്കേസില്‍ കുടുക്കിയ ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ എ.സി.പി രജ്ബീര്‍ സിങ് 2008 മാര്‍ച്ച് 25ന് ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുഹൃത്തിന്റെ വെടിയേറ്റു മരിച്ചു. ക്രിമിനല്‍ പൊലിസുകാരനായ രജ്ബീര്‍ അനധികൃതമായി സമ്പാദിച്ച പണം സുഹൃത്ത് ഭരദ്വാജ് മുഖേന റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തിയിരുന്നു. സുഹൃത്തുമായി പിണങ്ങി. പണം തന്നില്ലെങ്കില്‍ കുടുംബത്തോടെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഭയവിഹ്വലനായ ഭരദ്വാജ് പണം നല്‍കാനെന്ന വ്യാജേന രജ്ബീറിനെ ഒരു ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി വെടിവച്ചു കൊന്ന് പൊലിസിനു കീഴടങ്ങി. അന്ന് രജ്ബീറിന്റെ സഹായിയായിരുന്ന ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ 2008 സെപ്റ്റംബറില്‍ ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു.
കോളജിലേക്ക് ബസില്‍ യാത്ര ചെയ്യുന്ന ഗീലാനിയെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തതും പീഡിപ്പിച്ചതും ശര്‍മ്മയാണ്. തന്നെ ക്രൂരമായി പീഡിപ്പിച്ചവരില്‍ ഒരാളായിരുന്നു ശര്‍മ്മയെന്ന് ഗീലാനി പിന്നീട് പറഞ്ഞിട്ടുണ്ട്. കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇതെല്ലാം. ബട്‌ലാ ഹൗസില്‍ വെടിയേറ്റ ശര്‍മ്മയെ പൊലിസുകാര്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ അകലെയല്ലാതെ പൊലിസ് ബാരിക്കേഡിനപ്പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ നിയോഗം പോലെ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനി എല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago