കാടുമൂടി നശിക്കാനൊരു പൊതു കക്കൂസ് കാടു കടന്നാലും 'കാര്യം നടക്കില്ല'
ഉദുമ: പൊതു കക്കൂസെന്ന ബോര്‍ഡു കണ്ടു കാര്യസാധ്യത്തിനു പോകാന്‍ തുനിഞ്ഞാല്‍ വലഞ്ഞതു തന്നെ. ആദ്യം ടോയ്‌ലറ്റിനു മുന്നിലുള്ള കാടു കടക്കണം. കാടു കടന്നു ടോയ്‌ലറ്റിനു മുന്നിലെത്തിയാലോ അടഞ്ഞ വാതില്‍ കണ്ടു തിരിച്ചുപോരണം. ഉദുമ പഞ്ചായത്ത് ടൗണില്‍ സ്ഥാപിച്ച പൊതു കക്കൂസാണ് ആരും തിരിഞ്ഞു നോക്കാനില്ലാതെ അനാഥാവസ്ഥയില്‍ കിടക്കുന്നത്. നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉപകാരപ്പെടാത്ത രീതിയില്‍ കാടുമൂടിക്കിടക്കുന്ന പൊതു കക്കൂസ് പൊളിച്ചു മാറ്റുകയോ നവീകരിക്കുകയോ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
ലക്ഷങ്ങള്‍ ചെലവിട്ട് ഉദുമ ഗ്രാമ പഞ്ചായത്ത് ടൗണില്‍ നിര്‍മിച്ച പൊതു കക്കൂസാണ് നാശം നേരിടുന്നത്.
മാസങ്ങളായി അടഞ്ഞു കിടക്കുന്ന കക്കൂസിന്റെ പരിസരങ്ങളില്‍ കാടുകയറി ഇഴ ജന്തുക്കളുടെ താവളമായിരിക്കുകയാണ്. പൊതു കക്കൂസ് തന്നെ ജനങ്ങള്‍ക്കു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ്. കക്കൂസിന്റെ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തും മദ്യകുപ്പികളും ചപ്പുചവറുകളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ആള്‍പെരുമാറ്റമില്ലാതായതോടെ പൊതുകക്കൂസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും മദ്യപാനികള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കാത്തതു ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."