ഭക്ഷണത്തിന്റെ രുചിക്കല്ല ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്
കണ്ണൂര്‍: രുചി മാത്രം നോക്കി ആഹാരം കഴിക്കുന്ന ശീലമാണ് ഇന്നുള്ളതെന്നും അതു ഒഴിവാക്കി ആരോഗ്യകരമായ ആഹാരം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ. ആയുര്‍ശ്രീ ആയുഷ് ഗ്രാമം പദ്ധതി 2018-19ന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ലഘുഭക്ഷണ നിര്‍മാണ പരിശീലനത്തിന്റെ ഉദ്ഘടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.നമ്മുടെ ആഹാര ശീലമാണ് ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഭക്ഷണ ക്രമീകരണത്തില്‍ വലിയ മാറ്റം ആവശ്യമാണ്. കേരളത്തില്‍ ആയുഷ് മേഖലയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ എട്ടുജില്ലകളിലാണ് ആയുഷ് ഗ്രാമം നടപ്പാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതു എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. നാഷനല്‍ ആയുഷ് മിഷനും കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു അധ്യക്ഷയായി. വി.പി ഇസ്മാഈല്‍, എം. റോജ, മുബീന ഷാഹിദ്, എസ്.ആര്‍ ബിന്ദു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."