സര്‍ക്കാരും ഗവ. ആയുര്‍വേദ കോളജ് അധ്യാപകരും തമ്മില്‍ പോര്
തിരുവനന്തപുരം: ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ (ആയുര്‍വേദ) നിയമനത്തില്‍ സര്‍ക്കാരും ഗവ. ആയുര്‍വേദ കോളജ് അധ്യാപകരും തമ്മില്‍ പോര്. ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ തസ്തികയിലേക്കുള്ള മുഖാമുഖത്തിന് ആരോഗ്യ വകുപ്പിനെതിരേ സമ്പാദിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായി നിലവിലെ കണ്‍ട്രോളര്‍ പ്രഫ. ഡോ. എന്‍. വിമല മുഖാമുഖത്തിന് എത്തിയതോടെ പോര് മറനീക്കി. ഇതേത്തുടര്‍ന്ന് പദവി പൂര്‍ണമായി ഒഴിയണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഡോ. വിമലയ്ക്ക് കത്ത് നല്‍കി.
19ന് നടന്ന മുഖാമുഖത്തിലാണ് തിരുവനന്തപുരം ആയുര്‍വേദ കോളജിലെ പ്രഫ. ഡോ. എന്‍. വിമല ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് പങ്കെടുത്തത്. തന്നെ ഒഴിവാക്കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ തസ്തികയ്ക്കുള്ള അഭിമുഖം നടത്തുന്നതിനെ ചോദ്യംചെയ്താണ് ഇവര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. വിമല ഉള്‍പ്പെടെ മൂന്ന് അധ്യാപകരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഇവരെക്കൂടാതെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെതന്നെ രണ്ടു ജീവനക്കാരും പങ്കെടുത്തു. എന്നാല്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ക്ക് വിമല തുടരുന്നതില്‍ താല്‍പര്യമില്ലത്രേ. അഞ്ചു വര്‍ഷത്തിലധികം ഡെപ്യൂട്ടേഷനില്‍ തുടര്‍ന്നതുകൊണ്ട് ചട്ടപ്രകാരം ഇനിയൊരവസരം വിമലയ്ക്ക് നല്‍കേണ്ടതില്ലെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെയും മന്ത്രിയുടെയും നിലപാട്. എന്നാല്‍ ഇത് ഡെപ്യൂട്ടേഷന്‍ തസ്തിക അല്ലെന്നും കേഡര്‍ നിയമനമാണെന്നുമാണ് അധ്യാപകരുടെ നിലപാട്.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ യോഗ്യതയുള്ളവര്‍ ഇല്ലെന്ന കാരണത്താലാണ് ഈ തസ്തികയിലേക്ക് 1985 മുതല്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിവന്നിരുന്നത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ല്‍ ഡോ. വിമലയെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്. സര്‍ക്കാര്‍ കാലാവധി കഴിയുന്ന വേളയില്‍ നിയമനം നീട്ടിനല്‍കി.
തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാരും നിയമനം നീട്ടി. ഇത് സംബന്ധിച്ച കേസില്‍ ഇത് കേഡര്‍ നിയമനമാണെന്ന് ചൂണ്ടിക്കാട്ടി വിമല തുടര്‍ന്നു. ഇതിനെതിരേ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും പരാതിയുമായി രംഗത്തെത്തി. അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നു കാട്ടി എ.ജിയും ധനകാര്യ വകുപ്പും ഡെപ്യൂട്ടേഷന്‍ നിയമനത്തെ എതിര്‍ത്തതുകൂടി ചൂണ്ടിക്കാട്ടി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജീവനക്കാര്‍ക്ക് ഇത് പ്രമോഷന്‍ തസ്തികയായി നിജപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി യോഗ്യത അടക്കമുള്ളവ സംബന്ധിച്ച് നിയമഭേദഗതിക്കാണ് ശ്രമം എന്നും സൂചനയുണ്ട്.
എന്നാല്‍ തസ്തിക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ നിലപാട്. എന്നാല്‍ എന്‍.ജി.ഒ അസോസിയേഷനും എല്‍.ഡി.എഫും ഇതിനെ എതിര്‍ക്കുന്നു.
അതിനിടെയാണ് സംഘടനയുടെ പിന്തുണയോടെ വിമല വകുപ്പിനെതിരേ നിയമ നടപടി സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് പദവി പൂര്‍ണമായി ഒഴിയണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഡോ. വിമലയ്ക്ക് കത്ത് നല്‍കിയത്. അതേസമയം, തങ്ങളെ ഒഴിവാക്കിയാല്‍ നിയമനടപടി സ്വീകരിക്കാനാണത്രേ അധ്യാപകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."