ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്, കണ്ണൂരിനായി കരിപ്പൂരിനെ 'വെട്ടിമുറിക്കാന്‍' നീക്കം
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഹജ്ജ് സര്‍വിസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് നടത്തുന്നതിനായി കരിപ്പൂരിനെ 'വെട്ടിമുറിക്കാന്‍' നീക്കം. സംസ്ഥാന സര്‍ക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഹജ്ജ് സര്‍വിസിന്റെ ടെന്‍ഡറില്‍ കണ്ണൂരിനെക്കൂടി ഉള്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലയിലുള്ളവരെ ലക്ഷ്യംവച്ചാണ് നെടുമ്പാശേരിയിലേത് പോലെ കരിപ്പൂര്‍ വിമാത്താവളത്തിലെ കുറച്ച് സര്‍വിസുകള്‍ കണ്ണൂരില്‍ നിന്ന് നടത്താനൊരുങ്ങുന്നത്.ഹജ്ജ് അപേക്ഷകളില്‍ യാത്രയ്ക്ക് ഉദ്ദേശിക്കുന്ന എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ രേഖപ്പെടുത്തണം. ഇതില്‍ കേരളത്തിലെ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കരിപ്പൂരും നെടുമ്പാശ്ശേരിയും മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഒരു സംസ്ഥാനത്ത് മൂന്നാമതൊരു എംബാര്‍ക്കേഷന്‍ പോയിന്റുണ്ടാകുന്നത് മറ്റിടങ്ങളില്‍ ഇല്ലാത്തതിനാല്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെയാണ് കണ്ണൂര്‍, കാസര്‍ക്കോട് മേഖലയിലുള്ള അപേക്ഷകരെ ലക്ഷ്യംവച്ച് ഹജ്ജ് സര്‍വിസിന്റെ ടെന്‍ഡറില്‍ കണ്ണൂരിനെക്കൂടി ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്.
ഹജ്ജ് സര്‍വിസ് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതോടെ കണ്ണൂരിലെ എംബാര്‍ക്കേഷന്‍ പോയിന്റിന്റെ കാര്യത്തില്‍ വ്യക്തത വരും. കരിപ്പൂരിലെ ഏതാനും സര്‍വിസുകള്‍ കണ്ണൂരിലേക്ക് മാറ്റുന്നതോടെ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലുള്ളവര്‍ക്ക് പുറമെ മംഗളൂരുവില്‍ നിന്നുള്ള ഹാജിമാര്‍ക്കും പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. നിലവില്‍ കേരളത്തില്‍ ഉള്‍പ്പെടാത്ത മാഹി, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റികളുടെ തീര്‍ഥാടകരും കേരളത്തില്‍ നിന്നാണ് ഹജ്ജിന് പോകുന്നത്. ഇവരെയും ലക്ഷ്യംവച്ചാണ് സര്‍ക്കാരിന്റെ നീക്കം. അതിനിടെ, സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും ഹജ്ജ്
സര്‍വിസ് വേണം: ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: കരിപ്പൂര്‍ മുഖ്യ എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് സര്‍വിസ് ആരംഭിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലുള്ളവരുടെ ആവശ്യം പരിഗണിക്കണമെന്നും ഹജ്ജ് കമ്മിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഹജ്ജ് 2020 ആക്ഷന്‍ പ്ലാന്‍ യോഗം ചര്‍ച്ച ചെയ്തു. ഹജ്ജ് ട്രൈയിനര്‍മാരെ തെരഞ്ഞെടുക്കുന്നതിന് കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കൊച്ചിയിലും നടന്ന അഭിമുഖത്തിന്റെ രൂപരേഖ യോഗം പരിശോധിച്ചു.
മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് അനുവദിക്കുന്ന കെട്ടിടങ്ങള്‍ നേരില്‍ കാണുന്നതിനായി പോകുന്ന സംഘത്തില്‍ കേരളത്തിലെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനത്തെ യോഗം അഭിനന്ദിച്ചു. അഞ്ച് മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്താനും യോഗം തീരിമാനിച്ചു.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാന്‍, മുസ്‌ലിയാര്‍ സജീര്‍, പി.കെ അഹമ്മദ്, കാസിം കോയ പൊന്നാനി, എല്‍.സുലൈഖ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."