പൊല്‍പ്പാക്കരയിലെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എങ്ങുമെത്തിയില്ല
പ്രശാന്ത് എടപ്പാള്‍
എടപ്പാള്‍: ഭൂരഹിതരായ നിരവധി പേര്‍ക്ക് കിടപ്പാടമൊരുക്കുക എന്ന ലക്ഷ്യവുമായി എടപ്പാള്‍ പൊല്‍പ്പാക്കരയിലെ ഒരേക്കറിലധികം സ്ഥലത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എങ്ങുമെത്തിയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ നേതൃത്വത്തിലാണ് പൊല്‍പ്പാക്കര അഞ്ചാം വാര്‍ഡില്‍ പഞ്ചായത്ത് വാങ്ങിയ 1.45 ഏക്കര്‍ സ്ഥലത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതലയുള്ളത്. ഇവരുടെ നേതൃത്വത്തിലുള്ള സംഘവും മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും മാസങ്ങള്‍ക്ക് മുന്‍പേ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം ആരംഭിച്ചിട്ടില്ല. മഴ മൂലമാണ് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മാണം ആരംഭിക്കാന്‍ സാധിക്കാത്തതെന്നും മഴ വിട്ടുനില്‍ക്കുന്നതോടെ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും ഇതിനുള്ള തുക വകയിരുത്തിയതായും ഉടന്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രവൃത്തികള്‍ക്കു തുടക്കമിടുമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതി ആരംഭിക്കാന്‍ സാധിച്ചില്ല. പദ്ധതി പ്രദേശത്ത് നൂറോളം കുടുംബങ്ങള്‍ക്ക് താമസമൊരുക്കുന്നതിനാല്‍ ബില്‍ഡിങ് ചട്ട പ്രകാരം ആറ് മീറ്റര്‍ വീതിയുള്ള റോഡ് ആവശ്യമാണ്. എന്നാല്‍ നിലവിലുള്ള റോഡിന് മൂന്ന് മീറ്റര്‍ വീതിയാണ് ഉള്ളത്. റോഡിനുള്ള സ്ഥലം ഉടമകള്‍ വിട്ട് നല്‍കിയിട്ടുണ്ടെങ്കിലും റോഡ് വയലിലൂടെ കൂടി കടന്ന് പോകേണ്ടതിനാല്‍ സര്‍ക്കാര്‍ അനുമതി കൂടി വേണം.
ഇതിനായുള്ള അപേക്ഷ സര്‍ക്കാരില്‍ നേരത്തേ സമര്‍പ്പിച്ചിരുന്നു. ഇത് ലഭിക്കുന്നതോടെ നിര്‍മാണം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറഞിരുന്നത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആശ്രയ പദ്ധതി പ്രകാരമാണ് എടപ്പാള്‍ പഞ്ചായത്തിലെ അന്നത്തെ ഭരണസമിതി സ്ഥലം വാങ്ങിയത്.
നേരത്തേ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാങ്കേതിക തടസംമൂലം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലിനെ തുടര്‍ന്ന് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലേക്ക് സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു. കണ്ടെത്തിയ സ്ഥലം യോജ്യമാണെന്ന് കുടുംബശ്രീയും തദ്ദേശ വകുപ്പും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആശ്രയ പദ്ധതി പ്രകാരം സ്ഥലത്ത് വീടു നിര്‍മിച്ചുനല്‍കാന്‍ പ്രാഥമിക പട്ടികയിലുണ്ടായിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ ഭൂരഹിതരായ 32 കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതി പ്രകാരം ഫ്‌ലാറ്റ് നിര്‍മിച്ചാല്‍ മുന്‍ഗണന ലഭിക്കും.ഫ്‌ലാറ്റ് മാതൃകയില്‍ 600 ചതുരശ്ര അടിയില്‍ 100 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുക.
രണ്ടു മുറികള്‍, ഒരു ഹാള്‍, അടുക്കള എന്നിവ ഓരോ വീട്ടിലുമുണ്ടാകും. എത്രയും പെട്ടന്ന് നിര്‍മാണം ആരംഭിച്ച് ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."