യു.ഡി.എഫ് സമര സംഗമം ഇന്ന് ആലത്തിയൂരില്‍; വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലിസ്
തൃപ്രങ്ങോട്: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തവനൂര്‍ മണ്ഡലം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സമര സംഗമം ഇന്ന് ആലത്തിയൂരില്‍.
ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.ടി ജലീല്‍, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരും മറ്റു ജനപ്രതിനിധികളും ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആലത്തിയൂരില്‍ എത്തുന്നുണ്ട്. ഈ സമയത്ത് തന്നെ ആലത്തിയൂരില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി സമര സംഗമം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
ആലത്തിയൂര്‍ ജങ്ഷനിലാണ് യു.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. ഇവിടെനിന്ന് 300 മീറ്ററോളം അകലയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.ടി ജലീലും പങ്കെടുക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്.
ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും നിശ്ചിത പരിധിക്കപ്പുറം അനുവദിക്കില്ലെന്ന് പൊലിസ് പറയുന്നു. ശക്തമായ സുരക്ഷയാണ് ആശുപത്രി ഉദ്ഘാടന സ്ഥലത്തും ആലത്തിയൂരിലും പൊലിസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, കമാന്‍ഡോകള്‍ എന്നിവരും സ്ഥലത്ത് ക്യാംപ് ചെയ്യും. കൂടാതെ 200 അംഗ പൊലിസ് സേനയേയും വിന്യസിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."