വാളയാര്‍ കേസ്: പ്രദേശവാസികളല്ലാത്തവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തി- പൊലിസിനെതിരെ പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ കേസൊതുക്കി തീര്‍ക്കാന്‍ പൊലിസും കളിച്ചതായി കുട്ടികളുടെ അമ്മ. പ്രദേശവാസികളല്ലാത്ത ആളുകളെ പൊലിസ് സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലരും കേസില്‍ സാക്ഷികള്‍ അല്ല. അതേസമയം സാക്ഷികള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ പൊലിസ് തയാറായില്ല. ചോദിക്കുമ്പോഴെല്ലാം പൊലിസ് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.
പ്രോസിക്യൂഷനും പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ചതായി അവര്‍ ആരോപിച്ചു. വിസ്താര സമയങ്ങളില്‍ മാത്രമാണ് പ്രോസിക്യൂട്ടറെ കാണുന്നത്. മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ നേരത്തെ പറഞ്ഞു തന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ മൗനം പാലിച്ചതായും പെണ്‍കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
അതിനിടെ സാക്ഷിവിസ്താരത്തിലെ അപാകത ചൂണ്ടിക്കാട്ടി അഞ്ചാംസാക്ഷിയായ അബ്ബാസും രംഗത്തെത്തി. എത്ര ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയുടേത് ആത്മഹത്യ ആകാനിടയില്ലെന്നും അബ്ബാസ് സ്വകാര്യചാനലിനോട് പറഞ്ഞു.
കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."