സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഇപ്പോള്‍ അപേക്ഷിക്കണം
കാസര്‍കോട്: വൈദ്യുതീകരിക്കാത്ത വീടുകളില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും സഹകരണത്തോടെ അടുത്ത വര്‍ഷം മാര്‍ച്ചോടെ വൈദ്യുതി എത്തിക്കുന്നതിനുള്ള സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി മൂന്നാംഘട്ടം നടപ്പാക്കും. ഇതിലേക്കായി വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ വെതര്‍ പ്രൂഫ് കണക്ഷന്‍ എടുക്കത്തക്ക വിധത്തില്‍ വിതരണ ലൈനുകള്‍ പുതുതായി നിര്‍മിക്കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ കണക്ഷനു ആവശ്യമായ തുക വൈദ്യുതിബോര്‍ഡില്‍ അടയ്ക്കണം.
ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ വീടുകളില്‍ വയറിംഗ് നടത്തിയിട്ടില്ലെങ്കില്‍ വയറിംഗ് ജോലി പൂര്‍ത്തിയാക്കി വെതര്‍പ്രൂഫ് സര്‍വിസ് കണക്ഷന്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഡി.ഡി.യു, ജി.ജെ.വൈയില്‍ ഉള്‍പ്പെടുത്തിയും ഈ പദ്ധതി നിലവിലില്ലാത്ത സ്ഥലങ്ങളിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു പ്രോജക്ട് എസ്റ്റിമേറ്റില്‍പ്പെടുത്തിയും വൈദ്യുതീകരിക്കും.
വൈദ്യുതീകരണ ലൈനുകള്‍ നിര്‍മിക്കുന്നതിനു തടസ്സമുള്ള സ്ഥലങ്ങളിലും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്ത സ്ഥലങ്ങളിലും ഡീസെന്‍ട്രലൈസ്ഡ് ഡിസ്ട്രിബ്യൂഷന്‍ ജനറേഷന്‍ മുഖേന വൈദ്യുതി ലഭ്യമാക്കും. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് നിര്‍ദ്ദിഷ്ട മാതൃകയിലുളള ഫോറത്തില്‍ അതാതു പ്രദേശത്തെ സെക്ഷന്‍ ഓഫിസുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
സെപ്റ്റംബര്‍ എട്ടുവരെ രജിസ്‌ട്രേഷന്‍ ചെയ്യാം. സെപ്റ്റംബര്‍ എട്ടിനു ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഒന്‍പതിനു കരട് ലിസ്റ്റും 20 ന് അന്തിമ ലിസ്റ്റും പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."