പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം: അരീക്കോട്ടെ കോണ്‍ഗ്രസില്‍ ചേരിതിരിവ്
അരീക്കോട്: അരീക്കോട് ഗ്രാമ പഞ്ചായത്തിലെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിവ് രൂക്ഷം. യു.ഡി.എഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ അമ്പാഴത്തിങ്ങല്‍ മുനീറയും കോണ്‍ഗ്രസിലെ എ.ഡബ്ലിയു അബ്ദു റഹിമാനും രാജിവച്ചതോടെയാണ് പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ആദ്യത്തെ മൂന്ന് വര്‍ഷം ലീഗിനും രണ്ട് വര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നായിരുന്നു യു.ഡി.എഫ് തീരുമാനം.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് പദവി വനിതാ സംവരണമാണ്. കോണ്‍ഗ്രസിന് രണ്ട് വനിതാ അംഗങ്ങളാണുള്ളത്. രണ്ട് പേരെയും പിന്തുണച്ച് നേതൃത്വം ചരടുവലി ആരംഭിച്ചതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഡി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലിയുടെയും അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദു റഹിമാന്റെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളായ ഷീന അയ്യാടനും എം.പി രമക്കും വേണ്ടി ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനം നടത്തുന്നത്. എ.ഡബ്ലിയു അബ്ദു റഹിമാനെ വൈസ് പ്രസിഡന്റാക്കിയ സമയത്ത് മൂന്ന് വര്‍ഷത്തിന് ശേഷം ഒഴിവ് വരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളെയും ഓരോ വര്‍ഷം വീതം തെരഞ്ഞെടുക്കാമെന്ന ധാരണ ഉണ്ടാക്കിയിരുന്നതായി കെ.പി നൗഷാദലി വിഭാഗം പറയുന്നു. അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന ഇ.മുഹമ്മദ് കുഞ്ഞിയാണ് ഇത്തരത്തില്‍ ധാരണ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. എന്നാല്‍ ഇപ്പോള്‍ ഷീന അയ്യാടനെ തഴഞ്ഞ് എം.പി രമയെ പ്രസിഡന്റാക്കാന്‍ എ.ഡബ്ലിയു അബ്ദു റഹിമാന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചതോടെ നൗഷാദലി വിഭാഗം ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ഇ.മുഹമ്മദ് കുഞ്ഞി എന്നിവരെ കണ്ട് മൂന്ന് വര്‍ഷം മുമ്പുള്ള ധാരണ പ്രകാരം രണ്ട് അംഗങ്ങളെയും ഓരോ വര്‍ഷം വീതം പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ മുസ്‌ലിം ലീഗിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പി.കെ ബഷീര്‍ എം.എല്‍.എ അറീയിച്ചതായും സൂചനയുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് അംഗങ്ങളെയും ഓരോ വര്‍ഷം വീതം പ്രസിഡന്റാക്കാനാകും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."