പണം നല്‍കിയിട്ടും തെരുവുവിളക്കുകള്‍ കത്തുന്നില്ല പെരിന്തല്‍മണ്ണ നഗരം ഇരുട്ടില്‍
പെരിന്തല്‍മണ്ണ: തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍ പലതും നടപ്പാക്കിയെങ്കിലും പെരിന്തല്‍മണ്ണ നഗരത്തില്‍ ഇവ പ്രകാശിക്കുന്നത് അപൂര്‍വം. പൂര്‍ണമായി എല്ലാ വിളക്കുകളും പ്രകാശിക്കുന്നില്ല. ഒട്ടേറെ ആളുകള്‍ വന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപവും ജില്ലാ ആശുപത്രിക്ക് സമീപവും ഉള്‍പ്പെടെയുള്ള വിളക്കുകളാണ് പ്രവര്‍ത്തിക്കാത്തത്. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ നഗരം പൂര്‍ണമായി ഇരുട്ടിലാകുന്നു. സ്ഥാപനങ്ങളുടെ ബോര്‍ഡുകളാണ് കുറച്ചെങ്കിലും വെളിച്ചം പകരുന്നത്.
മണ്ണാര്‍ക്കാട് റോഡില്‍ ജങ്ഷന്‍ തുടങ്ങി മനഴി ബസ് സ്റ്റാന്‍ഡ് വരേയുള്ള ഭാഗങ്ങളില്‍ പേരിന് ചിലയിടത്തുമാത്രമേ വിളക്കുകളുള്ളൂ. ഗവ.ആശുപത്രിക്ക് മുന്നിലെ ഹൈമാസ്റ്റ് വിളക്കും പലപ്പോഴും പ്രകാശിക്കാറില്ല. വ്യാപാരസ്ഥാപനങ്ങളില്‍ മോഷണശ്രമങ്ങളും മറ്റും നടക്കുന്നതിനിടയിലാണ് നഗരം ഇരുട്ടിലാകുന്നത്. സമൂഹവിരുദ്ധ സംഘങ്ങളും മറ്റും ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്.
വൈദ്യുതിച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പഴയ സോഡിയം വേപ്പര്‍ ലൈറ്റുകള്‍ മാറ്റി എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചെലവ് വൈദ്യുതിച്ചെലവിനോളം വരില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്‍.ഇ.ഡി വിളക്കുകള്‍ പലയിടത്തും പ്രകാശിക്കാതായപ്പോള്‍ മഴയും മറ്റും മൂലമുള്ള സാങ്കേതികപ്രശ്‌നങ്ങളാണ് കാരണമെന്നായി. മഴയില്ലാത്തപ്പോഴും വിളക്കുകളില്‍ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല.
ലക്ഷത്തിലേറെ രൂപ വിളക്കുകളുടെ പരിപാലനത്തിനായി നഗരസഭ ചെലവഴിക്കുമ്പോളും ഇതിന്റെ പ്രയോജനം ജനത്തിന് ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."