പൊലിസുകാര്‍ പുസ്തകമെഴുതി പണമുണ്ടാക്കേണ്ട: മന്ത്രി സുധാകരന്
ആലപ്പുഴ: പൊലിസ് ഉദ്യോഗസ്ഥര്‍ പുസ്തകമെഴുതി പണമുണ്ടാക്കേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. കേരള പൊലിസ് അസോസിയേഷന് ആലപ്പുഴ ജില്ലാ സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസുകാര്‍ ജോലിയിലിരിക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ വിരമിക്കുമ്പോള്‍ പറയേണ്ടതില്ല. സര്‍വിസില്‍നിന്നു വിരമിക്കുന്നവര്‍ ഇപ്പോള്‍ പുസ്തകമെഴുതി കാശുണ്ടാക്കുകയാണ്.
ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണം. സര്‍വിസിലിരിക്കുമ്പോള്‍ മനസിലാക്കിയ കാര്യങ്ങള്‍ വിരമിച്ച ശേഷം പുസ്തക രൂപത്തിലാക്കേണ്ടതില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസിനെ ലക്ഷ്യമാക്കി സുധാകരന് പറഞ്ഞു. വിരമിക്കുന്നവര്‍ ജീവിതാവസാനം വരെ മാന്യത പുലര്‍ത്തണം.
അതിനാണ് പെന്ഷന് തരുന്നത്. അധികാരികളുടെ താല്പര്യത്തിനു വഴങ്ങിയാണ് ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അത് ശരിയല്ല. മന്ത്രിമാര്‍ക്ക് അകമ്പടി പോകുമ്പോള്‍ അമിതവേഗതയുടെ ആവശ്യമില്ല.
പരസ്പര സഹായമുണ്ടായാല്‍ മാത്രമേ കേന്ദ്ര, സംസ്ഥാന ഭരണം കാര്യക്ഷമമായി നടക്കുകയുള്ളൂ. ചിലസ്ഥലങ്ങളില്‍ സര്‍ക്കാരിനെതിരേ സമരം നടത്തുന്നത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ്. ഇത് സമരം വിജയിപ്പിക്കാനല്ല. മറിച്ച് വാര്‍ത്താ പ്രാധാന്യം നേടാന്‍ വേണ്ടിയാണ്. ജനങ്ങളെയും ഭരണഘടനയെയും അല്ലാതെ മറ്റൊന്നിനെയും ഇടതുസര്‍ക്കാര്‍ ഭയപ്പെടുന്നില്ല.
മാധ്യമ ധര്‍മമറിയാതെ ചാനല്‍ ചര്‍ച്ചകളില്‍ തട്ടിക്കയറുന്ന അവതാരകരെ നാടിന് ആവശ്യമില്ല. സ്വാമിമാരുടെ കാല്‍കഴുകി വെള്ളം കുടിക്കുന്ന ചില വിവരദോഷികളാണ് എനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എ.എസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."