പ്രായാധിക്യത്തിലും പുല്‍പ്പായ നിര്‍മാണത്തില്‍ ഭാഗിയമ്മ സജീവം
കുമ്പള: 65 ലും തളരാതെ പായ നിര്‍മാണത്തില്‍ സജീവമാണു കുമ്പള കുണ്ടക്കോരടുക്ക കിദൂരിലെ ഭാഗിയമ്മ. 50 വര്‍ഷം മുമ്പ് കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളിലെ നൂറിലധികം ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഉപജീവന മാര്‍ഗ്ഗമായിരുന്നു പുല്‍പ്പായ നിര്‍മാണം. അന്നു കൂടെ ജോലി ചെയ്തിരുന്നവര്‍ പലരും പുല്‍പ്പായ നിര്‍മാണത്തോടു വിടപറഞ്ഞു. പുല്‍പ്പായക്ക് ആവശ്യക്കാരില്ലാതായതും കൈതോല കിട്ടാതായതും കാരണമാണു പലരും ഈ ജോലി ഉപേക്ഷിച്ചത്.
മുമ്പ് ഒരുപായ നിര്‍മിച്ചാല്‍ ഒന്‍പതു രൂപ കിട്ടുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50 രൂപയില്‍ എത്തി നില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പായ കടകളില്‍ വലിയ തുകക്കാണു വില്ക്കുന്നതെന്നു ഭാഗിയമ്മ പറയുന്നു. പുല്‍പ്പായ നിര്‍മാണത്തിനുള്ള കൈതോല ശേഖരിക്കലും അതു വെള്ളത്തില്‍ മുക്കി ഉണക്കിയെടുത്തു പായ ഉണ്ടാക്കലുമെല്ലാം ഭാഗിയമ്മ തനിച്ചാണു ചെയ്യുന്നത്.
സന്ധിവാതം, പുറംവേദന, നടുവേദന തുടങ്ങിയ രോഗങ്ങള്‍ ഇത്തരം പായകളില്‍ കിടന്നാല്‍ ഭേദമാകുമെന്നതിനാല്‍ പുല്‍പ്പായ വാങ്ങാന്‍ പലരും ഭാഗിയമ്മയെ തേടിയെത്തുന്നുണ്ട്. പുഴയോരങ്ങളില്‍ സാധാരണ കണ്ടു വരാറുള്ള മുള്മുണ്ട (കൈതോല, കന്നഡയില്‍ കൈതില എന്നുപറയും) കൊണ്ട് നിര്‍മിക്കുന്നതാണ് പുല്‍പ്പായ. മുള്മുണ്ടയെ ഉണക്കി വെള്ളത്തില്‍ മുക്കി വെച്ച് മുള്ളെടുത്തതിനു ശേഷം ചുരുട്ടി വെച്ച് പിറ്റേ ദിവസം നാലു ഭാഗങ്ങളായി കീറിയെടുത്ത് പായ നിര്‍മാണം തുടങ്ങും. ഒരു പായ പൂര്‍ത്തിയാവണമെങ്കില്‍ ഒന്നിലധികം ദിവസങ്ങള്‍ എടുക്കും. മുന്‍ കാലങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളിലെ സ്ത്രീകളുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു പുല്‍പ്പായ നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."