വ്യാജ സര്‍ട്ടിഫിക്കറ്റുമായി സഊദിയിലേക്ക് പറക്കേണ്ട, ഉംറക്കു പോയ നസ്‌റീന്‍ ബീഗം കുടുങ്ങിയത് 14 വര്‍ഷം മുന്നെ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍
ജിദ്ദ: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ സഊദിയില്‍ പിടിയിലായ ഹൈദരാബാദ് സ്വദേശിനിയായ നഴ്‌സ് 10 മാസമായി സഊദി ജയിലില്‍. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് എക്‌സിറ്റില്‍ പോയ ഹൈദരാബാദ് സ്വദേശിനി നസ്‌റീന്‍ ബീഗം മാസങ്ങള്‍ക്ക് മുമ്പ് ഉംറ വിസയില്‍ എത്തിയപ്പോഴാണ് സഊദിയില്‍ പിടിയിലായത്.
ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ നസ്‌റീന്‍ ബീഗത്തെ നേരത്തേ ജോലി ചെയ്തിരുന്ന ദമ്മാമില്‍ എത്തിച്ചാണ് വിചാരണ ചെയ്തത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം തടവും, 5000 റിയാല്‍ പിഴയും കോടതി വിധിച്ചിരുന്നു. 2005ല്‍ ജോലിയില്‍ പ്രവേശിച്ച നസ്‌റിന്‍ 10 വര്‍ഷത്തെ സേവനത്തിനു ശേഷം 2015ല്‍ ജോലി അവസാനിപ്പിച്ച് തിരികെ പോയിരുന്നു.
ജാലിക്ക് കയറുന്ന സമയത്ത് മുംബൈയിലെ വിസ ഏജന്റ് നസ്‌റിന് ഒരു ആശുപത്രിയില്‍ ജോലിചെയ്തതായി വ്യാജ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുകയായിരുന്നു. നസ്‌റിന്‍ സഊദിയില്‍നിന്ന് മടങ്ങിയതിന് ശേഷമാണ് ആരോഗ്യ മേഖലയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി തുടങ്ങിയത്. നസ്‌റിന്റ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അധികൃതര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതൊന്നുമറിയാതെ മാതാപിതാക്കളും സഹോദരെന്റ കുടുംബവും ഉള്‍പ്പെടെ ഈ വര്‍ഷം ആദ്യം ഉംറ ചെയ്യാനായി എത്തിയപ്പോഴാണ് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായത്. ദമ്മാമില്‍ കേസുണ്ട് എന്നു മാത്രമാണ് ഇവരെ അറിയിച്ചത്. 14 കൊല്ലങ്ങള്‍ക്കു മുമ്പുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഈ തരത്തില്‍ വിനയാകുമെന്ന് നസ്‌റിന്‍ ബീഗം അറിഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട നസ്‌റിനെ ദമ്മാം കോടതിയില്‍ എത്തിച്ചു.
ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഏജന്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാെണന്ന് അറിയുമായിരുന്നോ എന്ന ചോദ്യത്തിന് തനിക്കറിയാമായിരുന്നു എന്ന സത്യസന്ധമായ മറുപടിയാണ് ഇവര്‍ നല്‍കിയത്. എന്നാല്‍, ഉംറക്ക് വന്ന ആനുകൂല്യത്തില്‍ തന്നോട് ദയവുകാട്ടണമെന്ന് ഇവര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍, ഈ തെറ്റിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് വിധിച്ചിട്ടുള്ളതെന്നും ഇളവിനായി ഗവര്‍ണറെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
തുടര്‍ന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് പിഴ സംഖ്യ ഒഴുവായിക്കിട്ടിയെങ്കിലും തടവ് കാലാവധിയില്‍ ഇളവ് കിട്ടിയില്ല. ഇപ്പോള്‍ തടവ് കാലാവധി അവസാനിക്കാറായതിനെ തുടര്‍ന്ന് നസ്‌റീന്‍ ബീഗത്തെ നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകള്‍ എംബസി തുടങ്ങിയിട്ടുണ്ട്.
അതേ സമയം മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നത്. മുന്‍കാലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് എക്‌സിറ്റില്‍ പോയി വീണ്ടും എത്തുന്നവര്‍ക്കും വിനയായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."