ദുരിതത്തിലായ രോഗികള്‍ക്ക് താങ്ങായി മലയോരത്തിന്റെ സ്വന്തം ഡോ. രാഹില്‍
ജാഫര്‍ കല്ലട
നിലമ്പൂര്‍: കാട്ടാനകളുടെ വിഹാര കേന്ദ്രത്തിലൂടെ 20 കിലോമീറ്റര്‍ താണ്ടി രോഗികള്‍ക്ക് ആശ്വസകരമാവുകയാണ് മലയോരത്തിന്റെ സ്വന്തം ഡോക്ടര്‍ രാഹില്‍. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കക്കാടംപൊയിലിലാണ് നാട്ടുകാര്‍ക്ക് അനുഗ്രഹമായി ഡോക്ടറെത്തിയത്. കഴിഞ്ഞ 30 വര്‍ഷമായി കക്കാടംപൊയില്‍ നിവാസികള്‍ രോഗം വന്നാല്‍ കിലോമീറ്ററുകളോളം താണ്ടി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലോ, മലപ്പുറം ജില്ലയിലെ നിലമ്പൂരിലോ ആണ് ചികിത്സ തേടി എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി അവര്‍ക്ക് സ്വന്തമായി ഡോ.രാഹില്‍ ഉണ്ട്. ചാലിയാര്‍ പഞ്ചായത്തിലെ എളമ്പിലാക്കോട് സ്വദേശിയാണ് ഡോ.രാഹില്‍. കക്കാടംപൊയില്‍ നിവാസികളുടെ ദുരവസ്ഥ കേട്ടറിഞ്ഞ രാഹില്‍ അകമ്പാടത്ത് ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നും മല കയറി കക്കാടംപൊയില്‍ എത്തി. ആശുപത്രിക്ക് സൗകര്യമുള്ള കെട്ടിടം സംഘടിപ്പിച്ചു. മുന്‍ മന്ത്രി എ.സി ഷണ്‍മുഖദാസിന്റെ നാമധേയത്തില്‍ ഒബ്‌സര്‍വേഷന്‍ സൗകര്യമടക്കമുള്ള ആശുപത്രി തുടങ്ങി. രണ്ട് നഴ്‌സുമാരേയും ലാബ് ടെക്‌നീഷനെയും നിയമിച്ചു. കക്കാടംപൊയില്‍, താഴെ കക്കാട്, അകംപുഴ, വാളംതോട്, കരിമ്പ്, ചീങ്കണ്ണിപ്പാലി, വെണ്ടേക്കും. പൊയില്‍, എട്ടാം ബ്ലോക്ക്, വാളംതോട്, നായാടംപൊയില്‍, തോട്ടപ്പള്ളി പ്രദേശങ്ങളിലെ മലയോര കര്‍ഷകര്‍ക്കും അഞ്ചിലേറെ ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്കും വീട്ടിലെ സ്വന്തം ആളായി ഈ യുവ ഡോക്ടര്‍ മാറികഴിഞ്ഞു. ഞായറാഴ്ച പോലും അവധി എടുക്കാതെ ഡോക്ടര്‍ ഇവിടെ എത്തും. കാട്ടാനകളുടെ അടക്കം വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയിലൂടെ 20 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര ചെയ്താണ് ആശുപത്രിയില്‍ എത്തുന്നത്. രാവിലെ ഒന്‍പതിന് ആശുപത്രിയില്‍ എത്തിയാല്‍ വൈകിട്ട് ആറോടെ മടങ്ങും. കാട്ടാന ശല്യം ഉള്ളതിനാലാണ് നേരത്തെ മടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ തന്നെ തങ്ങും. സാമ്പത്തിക നേട്ടമല്ല. ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് ആതുര മേഖലയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയെന്ന് ഡോ. രാഹില്‍ പറയുന്നു. കക്കാടംപൊയില്‍ തന്നെ തുടരനാണ് രാഹിലിന്റെ തീരുമാനം. കഴിഞ്ഞ പ്രളയകാലത്ത് ക്യാംപുകളിലും ഈ യുവ ഡോക്ടര്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."