കര്‍ഷകന്റെ ആത്മഹത്യ: റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
കോഴിക്കോട്: നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫിസില്‍ തെളിവെടുപ്പിനെത്തിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജില്ലാ കലക്ടറെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ ഉച്ചയോടെ ചെമ്പനോട വില്ലേജ് ഓഫിസിലായിരുന്നു സംഭവം. തെളിവെടുപ്പിനെത്തിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരേയായിരുന്നു പ്രതിഷേധം. തെളിവെടുപ്പിനുശേഷം കലക്ടര്‍ യു.വി ജോസിനൊപ്പം പുറത്തിറങ്ങിയ കുര്യനെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകന്‍ തടഞ്ഞുനിര്‍ത്തി മരിച്ച ജോയിയുടെ കുടുംബത്തെ സഹായിക്കാന്‍ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ജോയിയുടെ വീട് സന്ദര്‍ശിക്കുക, അടിയന്തര സാമ്പത്തിക സഹായം നല്‍കുക, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുക തുടങ്ങിയ ആവശ്യമാണ് യൂത്ത് ലീഗ് ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കാമെന്നും വീട് സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു കുര്യന്റെ മറുപടി. വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലെന്നും പേരിനുള്ള നടപടി മാത്രമാണ് എടുക്കുന്നതെന്നും ആരോപിച്ചാണ് കുര്യനെയും കലക്ടറെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്.
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതുവരെ ഇവരെ പോകാന്‍ അനുവദിക്കില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു. ജോയ് ആത്മഹത്യ ചെയ്തിട്ട് മൂന്നു ദിവസം പിന്നിട്ടെങ്കിലും ജില്ലയിലുള്ള മന്ത്രി ടി.പി രാമകൃഷ്ണന്‍ വീട് സന്ദര്‍ശിക്കാനോ കുടുംബത്തിന് എന്തെങ്കിലും ഉറപ്പുനല്‍കാനോ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയം അഞ്ചോളം പൊലിസുകാര്‍ മാത്രമാണ് വില്ലേജ് ഓഫിസില്‍ ഉണ്ടായിരുന്നത്. അതിനിടെ, യൂത്ത് ലീഗ് പ്രതിഷേധത്തിനെതിരേ നാട്ടുകാരില്‍ ചിലര്‍ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. 20 മിനിട്ടോളം ഉപരോധവും സംഘര്‍ഷാവസ്ഥയും തുടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ നീക്കിയ ശേഷമാണ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കലക്ടറും പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."