പനി നിയന്ത്രണം: വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: പനി നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കു പിന്തുണയും സഹായവുംതേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
പകര്‍ച്ചപ്പനി തടയുന്നതിനും രോഗം നിയന്ത്രണവിധേയമാക്കുന്നതിനും ജനങ്ങള്‍ ഒറ്റമനസോടെ നീങ്ങേണ്ട സാഹചര്യമാണുള്ളത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കിടത്തി ചികിത്സക്ക് കൂടുതല്‍ സൗകര്യം താല്‍ക്കാലികമായി ഉണ്ടാക്കണം. ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വകാര്യ ആശുപത്രികള്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആശുപത്രികളുടെ പങ്കാളിത്തവും സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.
പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുന്നതിന് മരുന്നിനേക്കാള്‍ പ്രധാനം രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ്. അതു കണക്കിലെടുത്താണ് ജനപങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണപരിപാടിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഈ മാസം 27, 28, 29 തിയതികളില്‍ സംസ്ഥാനമാകെ ശുചീകരണയജ്ഞം നടക്കും.
ഈ പരിപാടിയില്‍ വിദ്യാലയങ്ങളിലെ എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ് കാഡറ്റ് എന്നീ വിഭാഗങ്ങളെ പ്രത്യേകമായും വിദ്യാര്‍ഥികളെയാകെ പൊതുവിലും പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി വിദ്യാലയ മേധാവികളോട് അഭ്യര്‍ഥിച്ചു.
പനി തടയാന്‍ സമൂഹത്തിന്റെ കരുതലാണ് പ്രധാനം. പനി വരാനുള്ള സാധ്യതകളെക്കുറിച്ച് ഓരോ പൗരനും അറിഞ്ഞിരിക്കണം. ഇപ്പോള്‍ ബാധിക്കുന്ന പകര്‍ച്ചപ്പനികളുടെ തീവ്രത ഉടന്‍ കുറയുമെങ്കിലും പരിസര ശുചീകരണത്തിന് എല്ലാവരും ജാഗ്രത പാലിക്കണം.
ചുറ്റുപാടും ഒരുതുള്ളി വെള്ളംപോലും കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണംതേടി നേരത്തെ മാധ്യമങ്ങള്‍ക്ക് അയച്ച കത്തിന് അനുഭാവപൂര്‍ണമായ പിന്തുണയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."