റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
കോഴിക്കോട്: റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ പല വ്യവസ്ഥകളും ലംഘിക്കപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ കടുത്ത പ്രതിസന്ധിയാണ് തങ്ങള്‍ നേരിടുന്നതെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ പ്രളയകാലത്തില്‍ സൗജന്യ റേഷന്‍ നല്‍കിയ അരിയുടെ കമ്മിഷന്‍ തുക ഒക്ടോബര്‍ അഞ്ചിനുള്ളില്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും തുക ഇതുവരെയും വ്യാപാരികള്‍ക്ക് ലഭിച്ചിട്ടില്ല.
കൈകാര്യ ചെലവ് ഉള്‍പ്പെടെ ഓരോ വ്യാപാരിക്കും ഇരുപതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ ഈയിനത്തില്‍ ലഭിക്കാനുണ്ട്.
അഡ്വാന്‍സ് നല്‍കിയ തുച്ഛമായ തുകയില്‍ നിന്നും പി.ഇ.സി.യും ജി.എസ്.ടി.യും പിടിച്ചതിനു ശേഷം വന്‍ തുക ലഭിക്കാനുള്ള വ്യാപാരിക്ക് മൂവായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ലഭിച്ചത്. സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും ട്രഷറി നിരോധനം കാരണം വ്യാപാരികളുടെ കമ്മിഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപാരികളുടെ കമ്മിഷന്‍ കണ്ടിന്‍ജന്‍സി ഫണ്ടിലുള്‍പ്പെടുത്തി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതും തീരുമാനമായിട്ടില്ല.
ഇപോസ് മെഷീന്റെ മന്ദഗതിയിലെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതിനു പരിഹാരം കാണാനായിട്ടില്ലെന്നും ഇവര്‍ പറയുന്നു. മാസത്തിന്റെ അവസാന പത്തുദിവസം പലപ്പോഴും മെഷീന്‍ പ്രവര്‍ത്തനരഹിതമാവുകയാണ്. എന്‍.എഫ്.എസ്.എ ഗോഡൗണില്‍നിന്നും ലഭിച്ച കേടായ അരി തിരിച്ചെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതിലും യാതൊരു വിധ നടപടിയുമായിട്ടില്ല. മാത്രവുമല്ല ഗോഡൗണില്‍ ആദ്യംവരുന്ന അരി ആദ്യം നല്‍കണമെന്ന വ്യവസ്ഥ പാലിക്കാതെ ഇപ്പോഴും കെട്ടിക്കിടന്ന് നശിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ റേഷന്‍ വ്യാപാരികള്‍ക്ക് എന്‍.എഫ്.എസ്.എ ഗോഡൗണില്‍നിന്നും അഞ്ച് ദിവസത്തെ ക്രെഡിറ്റ് സൗകര്യം അനുവദിച്ചിരുന്നത് പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."