തൊഗാഡിയയെ പിടികൂടാന്‍ പ്രത്യേകസംഘം രൂപീകരിച്ചതായി പൊലിസ്
കാഞ്ഞങ്ങാട്: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ പിടികൂടാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു. വാറണ്ട് പ്രതിയായ തൊഗാഡിയയെ പിടികൂടാന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടുന്ന നാലാംഗ സ്ക്വാഡിനെ രൂപീകരിച്ചതായി ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ പി.വിജയന്ഹൊസ്ദുര്ഗ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയില്‍ ബോധിപ്പിച്ചു.
2011 ഏപ്രില്‍ 30നു കാഞ്ഞങ്ങാട് വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗമാണ് കേസിനു കാരണമായത്. തൊഗാഡിയയുടെ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച് കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. തൊഗാഡിയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞമാസം തൊഗാഡിയ കേസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ പരിഗണനക്കു വന്നപ്പോള്‍ തൊഗാഡിയയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പൊലിസ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ഒരാളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പൊലിസ് വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല. തുടര്‍ന്ന് എസ്.ഐയോട് നേരിട്ട് ഹാജരാകാനും കേസിന്റെ ഇതുവരെയുള്ള പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹാജരായ അഡീ.എസ്.ഐ.പി.വിജയന് കോടതിയില്‍ ഹാജരായി പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."