കണ്ണേ പേടിക്കേണ്ട, അമ്മ ഇവിടെയുണ്ട്...
തിരുച്ചിറപ്പള്ളി: കണ്ണുനീരുകൊണ്ട് കാഴ്ച മറഞ്ഞിട്ടും മകനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള തുണിസഞ്ചി തയ്‌ച്ചെടുക്കുമ്പോള്‍ അതിന്റെ ഓരോ നൂലിഴകളിലും ഒരമ്മയുടെ കരുതല്‍ കൂടിയാണ് അവര്‍ കോര്‍ത്തെടുത്തത്.തിരുച്ചിറപ്പിള്ളിക്കു സമീപം നാടുകാടുപ്പെട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട കുഴല്‍ കിണറില്‍ വീണ സുജിത് എന്ന രണ്ടു വയസുകാരന്റെ അമ്മ കലൈമേരിയാണ് മകനെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട തുണി സഞ്ചി തയ്ച്ച് നല്‍കിയത്.
കളിക്കുന്നതിനിടയില്‍ മകന്‍ കുഴല്‍ കിണറില്‍ വീണ സമയം മുതല്‍ പ്രാര്‍ഥനയുമായി കലൈമേരി ഇവിടെയുണ്ട്. കോയമ്പത്തൂരില്‍ നിന്നെത്തിയ രക്ഷാ പ്രവര്‍ത്തകരാണ് കുട്ടിയെ പുറത്തെത്തിക്കാന്‍ തുണി സഞ്ചി ആവശ്യപ്പെട്ടത്. ഒട്ടും മടികാണിക്കാതെ മകനെ പുറത്തെത്തിക്കാനായി ഒരമ്മയുടെ കരുതലിലാണ് അവര്‍ തുണി സഞ്ചി തയ്ച്ച് നല്‍കിയത്. തുണി സഞ്ചി തയ്ക്കാന്‍ അടുത്തെങ്ങും ആരുമില്ലാത്തതുകൊണ്ട് കലൈമേരി ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അവര്‍ സഞ്ചി തയ്ക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ആ അമ്മക്ക് പിന്തുണയുമായി എത്തിയത്.
ഇതിനിയടില്‍ ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഴിയിലേക്കിറക്കിയ യന്ത്രത്തില്‍ ഘടിപ്പിച്ച മൈക്കില്‍ മകനോട് സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ തുടച്ച് അവര്‍ 'കണ്ണേ പേടിക്കേണ്ട, അമ്മ ഇവിടെയുണ്ട് ' എന്ന് പറഞ്ഞു. കുഴിയില്‍ നിന്ന് ചെറിയ ഞരക്കം മാത്രമായിരുന്നു ലഭിച്ചത്. 'തന്റെ മകനുവേണ്ടി ഒരു തുണി സഞ്ചി വേണമെന്ന് പറഞ്ഞു. ആ ദൗത്യവും അവനുവേണ്ടി ഞാന്‍ ചെയ്യുകയായിരുന്നുവെന്ന്' കലൈമേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
കുഴല്‍ കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താന്‍ കിണറിനോട് ചേര്‍ന്ന് മറ്റൊരു കുഴിയെടുത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കളിക്കുന്നതിനിടയിലാണ് കുഞ്ഞ് കുഴല്‍ കിണറില്‍ വീണത്. എന്നാല്‍ കുട്ടിയെ തിരയുന്നതിനിടയിലാണ് കുഴല്‍ കിണറില്‍ നിന്ന് കരച്ചില്‍ കേട്ടത്. തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകരെത്തി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. ഏതാണ്ട് 42 ലധികം മണിക്കൂര്‍ ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാനായിട്ടില്ല.
കുഴല്‍ കിണറിനോട് ചേര്‍ന്ന് മറ്റൊരു കുഴിയെടുത്താണ് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."