'നാം' ഉച്ചകോടിയില്‍ ഇന്ത്യ-പാക് പോര് ; പാകിസ്താന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യ
ബാകു(അസര്‍ബൈജാന്‍): ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മയായ 'നാം' ഉച്ചകോടിയില്‍ പരസ്പരം ആരോപണങ്ങളുന്നയിച്ച് ഇന്ത്യയും പാകിസ്താനും. കശ്മിരിലെ ഇന്ത്യയുടെ നടപടികള്‍ നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് പാകിസ്താന്‍ ആരോപിച്ചപ്പോള്‍ പാകിസ്താന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ പാകിസ്താനെ പേരെടുത്ത് പറയാറില്ലെങ്കിലും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചു സംസാരിക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അയല്‍രാജ്യമായ പാകിസ്താന്‍ ആധുനികകാലത്തെ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് വിശേഷിപ്പിച്ചു.
ഭീകരത അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന പോലെ നാമിന്റെ തത്വങ്ങള്‍ക്കെതിരാണെന്നും നായിഡു ചൂണ്ടിക്കാട്ടി. അയല്‍ രാജ്യങ്ങളിലേക്ക് അതിര്‍ത്തി കടന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ന്യായീകരിക്കാനാണ് പാകിസ്താന്‍ ഈ വേദിയെ ഉപയോഗപ്പെടുത്തുന്നത്.
വിവര സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ ഭീകരസംഘടനകള്‍ക്ക് നുഴഞ്ഞുകയറാനുള്ള ശേഷി വര്‍ധിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
ഭീകരതക്കെതിരേ ഒന്നിക്കാന്‍ നാം അംഗരാഷ്ട്രങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ഭീകരതയോട് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്നു തീരുമാനിച്ചാല്‍ ഇതു സാധ്യമാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം, ജമ്മുകശ്മിരിന്റെ പ്രത്യേക അധികാരങ്ങള്‍ കവര്‍ന്ന ഇന്ത്യന്‍ നടപടി സമാനതകളില്ലാത്ത ഭീകരതയാണെന്ന് പാക് പ്രസിഡന്റ് ആരിഫ് അല്‍വി കുറ്റപ്പെടുത്തി. കശ്മിരികളുടെ നിയമപരമായ സമരങ്ങളെ ഭീകരതയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."