പ്രതീക്ഷയോടെ ഗോകുലം എഫ്.സി ഇന്ന് ചിറ്റഗോങ് അബഹാനിയെ നേരിടും
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ശൈഖ് കമാല്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രതീക്ഷകളോടെ ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങുന്നു.
സീസണില്‍ അപാര ഫോമില്‍ കളിക്കുന്ന ഗോകുലത്തിന് ബംഗ്ലാദേശ് ടീമായ ചിറ്റഗോങ് അബഹാനിയാണ് എതിരാളികള്‍. ഡ്യൂറണ്ട് കപ്പിലെ കിരീട നേട്ടത്തിന് ശേഷം മികച്ച ഫോമിലുള്ള ഗോകുലം വിജയ പ്രതീക്ഷയില്‍ തന്നെയാണ് ഇന്ന് ഇറങ്ങുന്നത്. എം.എ അസീസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30ന് ആണ് സെമി ഫൈനല്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ബസുന്ധര കിങ്സ്, ഐ ലീഗ് ചാംപ്യന്മാരായ ചെന്നൈ സിറ്റി എഫ്.സി എന്നിവരെ പരാജയപ്പെടുത്തുകയും മലേഷ്യന്‍ ടീമായ ടെറഗാനു എഫ്.സിയെ സമനിലയില്‍ തളക്കുകയും ചെയ്തിരുന്നു. ഡ്യൂറണ്ട് കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ മാര്‍ക്കസ് ജോസഫ് ഇല്ലാതെയായിരുന്നു ഗോകുലം ആദ്യ രണ്ട് മത്സരത്തിലും ഇറങ്ങിയത്. രാജ്യാന്തര മത്സരമുള്ളതിനാലായിരുന്നു താരം മത്സരത്തിനില്ലാതിരുന്നത്. എന്നാല്‍ ചെന്നൈ സിറ്റിക്കെതിരേയുള്ള മത്സരത്തില്‍ മാര്‍ക്കസ് ജോസഫ് രണ്ടാം പകുതിക്ക് ശേഷം പകരക്കാരനായി തിരിച്ചെത്തി. മികച്ച ഫോമില്‍ നില്ക്കുന്ന ഹെന്റി കിസേക്ക, നഥാനിയല്‍ ഗാര്‍സിയ എന്നിവരിലാണ് ഗോകുലത്തിന്റെ വിശ്വാസം. മലയാളി താരമായ മുഹമ്മദ് ഇര്‍ഷാദാണ് ടീമിനെ നയിക്കുന്നത്. ശക്തമായ മുന്നേറ്റനിരയുള്ള ഗോകുലം ഒറ്റ ഗോള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയത്. മുഹമ്മദ് ഇര്‍ഷാദ്, ആന്ദ്രെ, രാവണന് എന്നിവര്‍ ചേര്‍ന്നാണ് ഗോകുലത്തിന്റെ പ്രതിരോധം കാക്കുന്നത്. മധ്യനിരയില്‍ കളിക്കുന്ന സെബാസ്റ്റ്യനും നിക്കോളയും ഡിഫന്‍സീവ് മിഡിലും അറ്റാക്കിങ് മിഡിയും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഗോകുലത്തിന് കരുത്താകുന്നത്. ഇന്നത്തെ മത്സരത്തില്‍ ഗോകുലം അബഹാനിയെ പരാജയപ്പെടുത്തുകയാണെങ്കില്‍ പുതിയ ചരിത്രം പിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."