സൈനികരുടെ മൃതദേഹം വികൃതമാക്കല്‍; പാകിസ്താനെതിരേ തെളിവ് ലഭിച്ചു
ജമ്മു:അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കാന്‍ പാകിസ്താന്‍ അതിര്‍ത്തി രക്ഷാ സേനക്ക് (ബി.എ.ടി)പദ്ധതിയുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചു. കശ്മിരിലെ പൂഞ്ചില്‍ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്കൊപ്പം എത്തിയ പാക് അതിര്‍ത്തി രക്ഷാ സേനയിലെ ഒരംഗം സൈനിക നടപടിക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ശരീരത്തില്‍ നിന്ന് കത്തിയും മൃതദേഹം വികൃതമാക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനായി ശിരസില്‍ ഘടിപ്പിക്കുന്ന കാമറയും കണ്ടെടുത്തതോടെയാണ് ഇക്കാര്യം ബലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
പൂഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് പാക് ആക്രമണമുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 600 മീറ്ററോളം പാക് സൈന്യം എത്തിയിരുന്നു. ഭീകരരുടെ നുഴഞ്ഞു കയറ്റത്തിന് സഹായകരമായ രീതിയിലായിരുന്നു പാക് അതിര്‍ത്തി രക്ഷാ സേനയുടെ നീക്കം. ഈ ശ്രമം ഫലപ്രദമായി തടയാന്‍ ഇന്ത്യന്‍ സേനക്ക് കഴിഞ്ഞെങ്കിലും രണ്ട് ഇന്ത്യന്‍ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചിരുന്നു.
ഒരു പാക് അതിര്‍ത്തി രക്ഷാ സേനാംഗത്തെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പൂഞ്ചിലെ ഗുല്‍പൂര്‍ സെക്ടറില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് പാക് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സൈനികന്റെ മൃതദേഹത്തില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍, തലയില്‍ ഘടിപ്പിക്കാവുന്ന കാമറ, എ.കെ. 47 തോക്ക്, രണ്ട് ഗ്രനേഡുകള്‍ എന്നിവക്കു പുറമെ പ്രത്യേക തരത്തില്‍ നിര്‍മിച്ച കത്തിയും കണ്ടെടുത്തത്. ഇന്ത്യന്‍ സൈനികരുടെ മൃതദേഹം കത്തികൊണ്ട് വികൃതമാക്കുകയും ഇത് കാമറയില്‍ പകര്‍ത്തുകയുമായിരുന്നു ലക്ഷ്യമെന്നാണ് സൈന്യം സംശയിക്കുന്നത്.
കഴിഞ്ഞ മെയ് ഒന്നിന് രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മൃതദേഹത്തോട് പാക് സൈന്യം അനാദരവ് കാണിച്ചിരുന്നു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി മേഖലയിലായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് പാക് അതിര്‍ത്തി രക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മൃതദേഹത്തില്‍ അംഗഭംഗം വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."