വാളയാറില്‍ പ്രതികള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തത് സി.പി.എം നേതാവ്: എല്ലാത്തിനും സംസാരിക്കുന്ന തെളിവുകള്‍, പ്രതിക്കൂട്ടിലാകുന്നത് സി.പി.എം നേതൃത്വം
പാലക്കാട്: വാളയാറിലെ ദുരൂഹ മരണത്തില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ കുരുക്കു മുറുകുന്നു. സംഭവത്തില്‍ സി.പി.എമ്മിനെതിരേ ഗുരുതര ആരോപണവുമായി മരിച്ച പെണ്‍കുട്ടികളുടെ മാതാവ് രംഗത്തെത്തിയിരുന്നു. കേസിലെ പ്രതികളെ സംരക്ഷിച്ചത് സി.പി.എമ്മിന്റെ ജില്ലാ നേതാവാണെന്നായിരുന്നുആരോപിച്ചിരുന്നത്. ചങ്ങലക്കു തന്നെയാണ് ഭ്രാന്തിളകിയിരിക്കുന്നത്. അപ്പോള്‍ ഇവരില്‍ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നും അവര്‍ ചോദിച്ചു. ഇരകള്‍ക്കു നീതിതേടി വേട്ടക്കാര്‍ തന്നെ രംഗത്തുവരുന്ന ഇരട്ടത്താപ്പിനെയും അവര്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെ പാര്‍ട്ടിയിലെ ജില്ലാ, ഏരിയാ കമ്മിറ്റി നേതാക്കളും കേസില്‍ ഇടപെട്ടെന്ന വിവരവും പുറത്തുവന്നതോടെയാണ് സി.പി.എം പ്രതിരോധത്തിലായത്.
കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായതിനു പിന്നാലെയാണ് കേസില്‍ സി.പി.എം നേതാക്കളുടെ ആദ്യ ഇടപെടലുണ്ടാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ പുതുശേരി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഒരു നേതാവ് വിളിച്ചിരുന്നെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ജില്ലാ നേതാവ് പ്രതികളെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിച്ചെന്നതും നാട്ടില്‍ പരസ്യമായ രഹസ്യമാണ്.
പ്രതികള്‍ക്ക് സി.പിഎം ബന്ധമുണ്ടെന്നു തെളിയിക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പീഡന കേസിലെ പ്രതികളുമായി യാതൊരു ബന്ധവും ഇല്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴുമത് ആവര്‍ത്തിക്കുന്നു. പ്രതികള്‍ക്കായി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുമ്പോഴും ഇതെല്ലാം ശുദ്ധ നുണയാണെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
വിചാരണാ വേളയിലും പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുണ്ടായതായെന്നാണ് ആരോപണം. സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ സ്ഥിരമായി ഹാജരാകുന്ന അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നയാളാണ് ഈ അഭിഭാഷകന്‍. കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഇയാളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതും വിവാദങ്ങള്‍ക്കിടയാക്കി.
ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിലൊരാള്‍ കേസിന്റെ ആദ്യഘട്ടത്തില്‍ ഇടപെട്ട രണ്ടു നേതാക്കള്‍ക്കും വേണ്ടപ്പെട്ടവനാണെന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടാണ് കേസിന്റെ തുടക്കം മുതല്‍ പാര്‍ട്ടി ഇടപെടലുണ്ടായത്. അത് ശരിവയ്ക്കുന്ന വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അതേസമയം കേസുമായോ പ്രതികളുമായോ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നാണ് പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്ര ബോസ് ആവര്‍ത്തിക്കുന്നത്. കേസില്‍ പ്രോസിക്യൂഷനും പൊലിസിനും ഉണ്ടായ വീഴ്ച പരിശോധിക്കണമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
2017 ലാണ് വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മാസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളെ നേരത്തെ വിട്ടയച്ചു.
ബാക്കിയുള്ള മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ രണ്ട് ദിവസം മുന്‍പാണ് പോക്‌സോ കോടതി വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."