പാലക്കാട്ടെ മാവോയിസ്റ്റ് വെടിപ്പുകയിലും സംശയത്തിന്റെ നിഴല്‍: വാളയാര്‍ സംഭവം മറച്ചു വയ്ക്കാനുള്ള നാടകമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി
പാലക്കാട്: കേരളത്തില്‍ വീണ്ടുമുണ്ടായ മാവോയിസ്റ്റ് വേട്ടയും സംശയനിഴലില്‍. പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത് എന്നാണ് വിവരം. മേലേ മഞ്ചിക്കട്ടിക്ക് സമീപം ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ തന്നെ ആരോപണവുമായി രംഗത്തെത്തി.
തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്. മേലെ മഞ്ചിക്കട്ടിയിലെ കാട്ടിനുള്ളില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ മൂന്നുപേര്‍ മരിച്ചു എന്നതല്ലാതെ കൊല്ലപ്പെട്ടവര്‍ ആരാണെന്നോ പൊലിസ് സംഘത്തിന് നാശ നഷ്ടമോ മറ്റോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചൊരു വിവരവും ലഭിച്ചിട്ടില്ല.
തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെത്രെ. കുറച്ചു ദിവസങ്ങളായി മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്. പാലഎന്നാല്‍ വാളയാര്‍ സംഭവം മറച്ചു വയ്ക്കാനായി സര്‍ക്കാര്‍ കളിച്ച നാടകമാണോ മാവോയിസ്റ്റ് വേട്ടയെന്ന് സംശയിക്കുന്നതായി വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
ഈ അടുത്തും താന്‍ അടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി ആരും പറഞ്ഞിട്ടില്ല. നാട്ടുകാര്‍ പോലും അറിയാത്ത മാവോയിസ്റ്റ് സാന്നിധ്യമറിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് കാട്ടില്‍ പോയി അവരെ കൊന്നെന്ന കഥ സംശയം ജനിപ്പിക്കുന്നതാണെന്നും വി.കെ ശ്രീകണ്ഠന്‍ മലപ്പുറത്ത് പ്രതികരിച്ചു.
ഇതേ സംശയം പലര്‍ക്കുമുണ്ട്. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വരാത്തതും ദുരൂഹതയുയര്‍ത്തുന്നു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പൊലീസ് അറിയിക്കുന്നുണ്ട്. മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആള്‍ നാശമുണ്ടായിട്ടുണ്ടോ, തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കെങ്കിലും പരുക്കേറ്റോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ഇപ്പോഴും തുടരുന്ന ഏറ്റുമുട്ടലിനെക്കുറിച്ച് ഇപ്പോഴും നാട്ടുകാരാരും അറിഞ്ഞില്ല എന്നതും സംശയം ഉയര്‍ത്തുകയാണ്. സംഭവസ്ഥലത്തേക്ക് പാലക്കാട് നിന്നും കൂടുതല്‍ പൊലിസിനെ എത്തിച്ചതോടെ നാട്ടുകാര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."