എന്തിനീ കുഞ്ഞുങ്ങള്‍ മരണത്തിലേക്കു ഇറങ്ങി നടന്നു, കാരണമറിയാതെ പൊലിസും ചക്കരക്കല്ലിലെ കുടുംബങ്ങളും
കണ്ണൂര്‍: ചക്കരക്കല്ലില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുള്‍ നിവര്‍ത്താനാകാതെ പൊലിസ്. അപ്പക്കടവ് സ്വദേശി അഞ്ജലി അശോകന്‍, തലമുണ്ട് സ്വദേശിനി ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് അഞ്ജലിയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുട്ടികളാണത്രേ രണ്ടുപേരും. ഇവര്‍ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബം. ഇവര്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മോചനം സാധ്യമായിട്ടില്ലെങ്കിലും ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ ചില സഹപാഠികളെ ചോദ്യം ചെയ്തിരുന്നു. സംശയക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ ഫോണും പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരും ചാറ്റിങ്ങ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് പൊലിസ് പറയുന്നു.
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ നിസാര കളിയാക്കലുകളാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് പൊലിസ് പ്രാഥമിക നിഗമനമെന്ന് റിപ്പോര്‍ട്ടുണ്ട്. കുട്ടികളെ പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോള്‍ ഇരുവരും ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായി കണ്ടെത്തിയിട്ടില്ലെന്നും പൊലിസ് പറയുന്നു.
ഹൈസ്‌കൂള്‍ തലം മുതലുള്ള സുഹൃത്തുക്കളാണ് ഇരുവരും. ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങി വന്നവര്‍ അഞ്ജലിയുടെ വീടിലെത്തി മുറിയില്‍ കയറി വാതില്‍ അടച്ചു. ഏറെനേരം വാതില്‍ തുറക്കാതിരുന്നതോടെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ പെണ്‍കുട്ടികളുടെ മരണത്തിന്റെ പേരില്‍ വാട്‌സ് ആപില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊലിസ് വ്യക്തമാക്കി. സൗഹൃദ ഗ്രൂപ്പുകളില്‍ നടന്ന ചാറ്റുകളെ തുടര്‍ന്നാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഒന്നുമില്ലെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."